നീല ഗിരിയുടെ സഖികളെ, ജ്വാലാ മുഖികളേ..., ഭാവഗായകനെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങള്‍

Thursday 09 January 2025 8:30 PM IST

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാര്‍ഡും നാല് തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡും നേടി. പണിതീരാത്ത വീട് എന്ന ചിത്രത്തിനായി ആലപിച്ച 'നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ' എന്ന ഗാനത്തിനാണ് 1972 ലെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചത്. എം.എസ്.വിശ്വനാഥനായിരുന്നു സംഗീതം. അദ്ദേഹം തന്നെയായിരുന്നു തമിഴില്‍ ജയചന്ദ്രനെ അവതരിപ്പിച്ചതും. 1985ല്‍ ജി.ദേവരാജന്‍ സംഗീതം നല്‍കിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ 'ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ' എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

1973 ല്‍ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍...' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.'രാഗം ശ്രീരാഗം' എന്ന ഗാനത്തിലൂടെ 1978 ല്‍ അദ്ദേഹത്തിന് ഒരിക്കല്‍ കൂടി സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് പലതവണ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങള്‍ തേടിയെത്തി.

നിറം എന്ന ചിത്രത്തിലെ 'പ്രായം നമ്മില്‍' എന്ന ഗാനം, തിളക്കം എന്ന സിനിമയിലെ ' നീയൊരു പുഴയായി'ക്കും ഞാനൊരു മലയാളി തുടങ്ങിയ പാട്ടുകള്‍ക്കും പുരസ്‌കാരം ലഭിച്ചു. 2021ല്‍ ജെ. സി ഡാനിയേല്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. തൃശൂരിലെ അമല ആശുപത്രിയില്‍ വച്ചായിരുന്നു പി. ജയചന്ദ്രന്റെ അന്ത്യം. ഏറെക്കാലമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.1965ല്‍'കുഞ്ഞാലിമരയ്ക്കാര്‍' എന്ന ചിത്രത്തിലെ പി.ഭാസ്‌കരന്റെ രചനയില്‍ പിറന്ന 'ഒരുമുല്ലപ്പൂമാലയുമായ് ' എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടിയാണ് ചലച്ചിത്ര ഗാന ലോകത്തേക്ക് പി.ജയചന്ദ്രന്റെ ചുവടുവെപ്പ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് , ഹിന്ദി ഭാഷകളിലായി 15,000ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചു.