'ബോബി ചെമ്മണ്ണൂര്‍ സാധാരണക്കാരനല്ല, എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയും'

Thursday 09 January 2025 10:37 PM IST

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിനായി അനുകൂലികള്‍ രംഗത്ത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കോടതിയില്‍ നിന്ന് കൊണ്ടുപോകവേ അനുകൂലികള്‍ പൊലീസ് വാഹനം തടയുന്ന സ്ഥിതിയുണ്ടായി. കടുത്ത ഭാഷയിലാണ് ബോബിയെ അനുകൂലിച്ചും മാദ്ധ്യമങ്ങളേയും പൊലീസിനേയും കുറ്റപ്പെടുത്തിയും അനുകൂലികള്‍ രംഗത്ത് വന്നിരിക്കുന്നത്.

അവരുടെ വാക്കുകളിലേക്ക്

ആര്‍ക്കും രാത്രിയും പകലുമൊക്കെ വിളിക്കാന്‍ കഴിയുന്ന ഒരു ബിസിനസുകാരന്‍ ലോകത്ത് തന്നെ വേറെയുണ്ടോ, പൊലീസ് അദ്ദേഹത്തെ വെറുതേ ഇങ്ങനെ കൊണ്ടുനടക്കുകയാണ്. നിരവധി ബുദ്ധിമുട്ടുകളുണ്ട് ആരോഗ്യപരമായി അദ്ദേഹത്തിന്. പൊലീസ് ഇങ്ങനെ പൊക്കി കൊണ്ട് പോകേണ്ട ആവശ്യം ഇല്ലായിരുന്നു. ഇതൊന്നും അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. ജയിലിലേക്ക് അയച്ചത് കോടതി ആയിക്കോട്ടെ. എന്തെങ്കിലും സംഭവിച്ചാല്‍ ജുഡീഷ്യറി സമാധാനം പറയുമോ?

ബോചെ സാധാരണക്കാരനല്ലല്ലോ, വലിയൊരു പ്രസ്ഥാനത്തിന്റെ അധിപനല്ലേ. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ശമ്പളം കൊടുക്കുന്ന ലക്ഷങ്ങളെ ചേര്‍ത്ത് പിടിച്ച് കൈക്കുമ്പിളില്‍ കൊണ്ടുനടക്കുന്ന മനുഷ്യനാണ്. എന്നെയോ നിങ്ങളേയോ പോലെ ഒരു സാധാരണക്കാരനല്ല. ഒരു ബുദ്ധിമുട്ട് വന്നാല്‍ ഒപ്പം നിക്കണ്ടേ? മാദ്ധ്യമങ്ങളും മൂന്ന് ദിവസമായി പൊതിയുന്നു. അനങ്ങാനും കിടന്നുറങ്ങാനും അനുവദിക്കുന്നില്ല. നാട്ടില്‍ ഭരണകൂടമില്ലേ? സാധാരണക്കാരനാണോ ബോചെ.

ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. വിധി കേട്ട് തളര്‍ന്ന് പ്രതിക്കൂട്ടിലിരുന്ന ബോബി ചെമ്മണ്ണൂരിന്റെ രക്തസമ്മര്‍ദ്ദം ഉയരുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തിരുന്നു. കോടതി മുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ച ശേഷം ബോബിയെ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് എത്തിച്ചത്.