ഇങ്ങനെയാണോ പരീക്ഷ നടത്തുന്നത്? പി.എസ്.സിയോട് ഹൈക്കോടതി

Friday 23 August 2019 1:11 AM IST

കൊച്ചി: ഉന്നത സ്വാധീനമുള്ളവർക്ക് ചോദ്യപ്പേപ്പർ നേരത്തെ ലഭിക്കുകയും അവർക്ക് ഉയർന്ന മാർക്ക് നേടാനാവുകയും ചെയ്യുന്ന തരത്തിലാണോ പി.എസ്.സി പരീക്ഷ നടത്തുന്നതെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേടു നടന്നെന്ന കേസിലെ നാലാംപ്രതി തിരുവനന്തപുരം കല്ലറ സ്വദേശി ഡി. സഫീർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സിംഗിൾബെഞ്ച് പി.എസ്.സിയെ വിമർശിച്ചത്.

സ്വാധീനമുള്ള വ്യക്തികൾക്ക് പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കിനൽകുന്നു. മൊബൈൽവഴി ഉത്തരം ലഭിക്കുന്നു. ഇതാണോ പി.എസ്.സിയുടെ പരീക്ഷാരീതി ? പരീക്ഷാഹാളിൽ മൊബൈൽഫോൺ അനുവദിക്കുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെന്ന കാരണത്താൽ പ്രതിയെ അറസ്റ്റുചെയ്യാൻ തടസമില്ലെന്ന് വാക്കാൽ വ്യക്തമാക്കിയ സിംഗിൾബെഞ്ച് ഹർജി ആഗസ്റ്റ് 29 ന് പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം തുടങ്ങിയവർക്ക് പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള പരീക്ഷയെഴുതാൻ ഹർജിക്കാരൻ സഹായിച്ചെന്നാണ് കേസ്. പരീക്ഷ നടന്ന ജൂലായ് 22 ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയ്ക്ക് ഇരുവർക്കും 93 മൊബൈൽ ഫോൺ സന്ദേശങ്ങൾ ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പരീക്ഷാഹാളിൽ മൊബൈൽ അനുവദനീയമാണോയെന്ന് ഹൈക്കോടതി ആരാഞ്ഞത്.