എൻഎം വിജയന്റെ മരണം; കേസെടുത്തതിന് പിന്നാലെ ഐസി ബാലകൃഷ്‌ണൻ എംഎൽഎ അടക്കമുള്ളവരുടെ ഫോൺ സ്വിച്ച് ഓഫ്

Friday 10 January 2025 8:23 AM IST

സുൽത്താൻ ബത്തേരി: വയനാട് ഡി സി സി ട്രഷററർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ നേതാക്കളുടെ ഫോൺ സ്വിച്ച് ഓഫ്. മൂന്ന് പേരും വയനാട്ടിലില്ലെന്നാണ് റിപ്പോർട്ടുകൾ.

സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണനെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഒന്നാം പ്രതിയാക്കിയും, ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ രണ്ടാം പ്രതിയാക്കിയും, ഡി സി സി മുൻ ട്രഷറർ കെ കെ ഗോപിനാഥിനെ മൂന്നാം പ്രതിയാക്കിയും അന്തരിച്ച മുൻ ഡി സി സി പ്രസിഡന്റ് പി വി ബാലചന്ദ്രനെ നാലാം പ്രതിയാക്കിയുമാണ് കേസെടുത്തത്.

ഐ സി ബാലകൃഷ്ണൻ തിരുവനന്തപുരത്തുണ്ടെന്നാണ് എം എൽ എ ഓഫീസ് പറയുന്നത്. മൂന്ന് പ്രതികളും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരിക്കും ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. എം എൽ എ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

വിജയന്റെയും മകന്റെയും മരണത്തിൽ നേരത്തെ അസ്വഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ വിശദീകരിച്ച് വിജയൻ കെ പി സി സി നേതൃത്വത്തിന് എഴുതിയ കത്തിൽ ഇവരുടെ പേരുമുണ്ട്. മാനസികാഘാതം മൂലം മരണത്തിനിട വന്നാൽ അതിന് ഉത്തരവാദികൾ ഇവരാണെന്നും മക്കൾക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിനുത്തരവാദികളും അവർ തന്നെയായിരിക്കുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.

കെ.പി.സി.സിക്ക് എഴുതിയ കത്തിലെയും മകന് എഴുതി വച്ച കത്തിലെയും കൈപ്പടകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വിജയന്റെയും മകൻ ജിജേഷിന്റെയും മൊബൈൽ ഫോണുകൾ അന്വേഷണസംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.