എൻ.എം. വിജയന്റെ മരണം കോൺ. നേതാക്കളുടെ അറസ്റ്റ് 15വരെ തടഞ്ഞു

Saturday 11 January 2025 12:31 AM IST

കൽപ്പറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ,​ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ 15ന് പരിഗണിക്കും. അതുവരെ ഇരുവരേയും അറസ്റ്റ് ചെയ്യരുതെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസിന് വാക്കാൽ നിർദ്ദേശം നൽകി.

കേസിൽ ഡി.സി.സി മുൻ ട്രഷറർ കെ.കെ. ഗോപിനാഥൻ,​ അന്തരിച്ച ഡി.സി.സി മുൻ പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ എന്നിവരും പ്രതികളാണ്. ഗോപിനാഥനും മുൻകൂർ ജാമ്യത്തിന് നീക്കം തുടങ്ങിയതായി സൂചനയുണ്ട്. അതിനിടെ, സുൽത്താൻ ബത്തേരി അർബൻ ബാങ്കിലേക്ക് സ്വീപ്പർ തസ്തികയിലേക്ക് നിയമന ശുപാർശ ചെയ്ത് ഐ.സി. ബാലകൃഷ്ണൻ നൽകിയ കത്ത് പുറത്തുവന്നു.

ബത്തേരി നെൻമേനിക്കുന്നിലെ പ്രാദേശിക കോൺഗ്രസ്‌ നേതാവിന്റെ മകൾക്ക്‌ വേണ്ടി 2021 ജൂലായ് 21ന് അന്നത്തെ ബാങ്ക് പ്രസിഡന്റിന് നൽകിയ കത്താണിത്. ഐ.സി.ബാലകൃഷ്ണൻ ഡി.സി.സി പ്രസിഡന്റായിരുന്നപ്പോഴാണ് കത്ത് നൽകിയത്. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ആവർത്തിക്കുന്നതിനിടെ പുറത്തുവന്ന കത്ത് ഐ.സി.ബാലകൃഷ്ണനെ പ്രതിരോധത്തിലാക്കി.

ഒളിവിൽ പോയിട്ടില്ല:

ഐ.സി. ബാലകൃഷ്ണൻ

താൻ ഒളിവിലാണെന്ന വാർത്തകൾ വ്യാജമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ വീഡിയോ സന്ദേശം. സുഹൃത്തിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് കർണാടകയിലാണ്. ഇന്ന് നാട്ടിലെത്തും. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഇടതുപക്ഷം തന്നെ വേട്ടയാടുകയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും സന്ദേശത്തിൽ ആരോപിച്ചു.