ഗോകുലത്തിന് ത്രില്ലർ സമനിലത്തുടക്കം

Saturday 11 January 2025 12:57 AM IST

കോഴിക്കോട്: ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിന്റെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്‌.സി അവസാനം നിമിഷം നേടിയ ഗോളിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ എഫ്.സിയെ സമനിലയിൽ പിടിച്ചു. 62ാം മിനിറ്റിൽ മുന്നേറ്റ താരം ലിന്റ കോം ഒഡിഷയെ മുന്നിലെത്തിച്ചു. 86-ാം മിനിട്ടിൽ ഷിൽക്കിയാണ് ഗോകുലത്തിന് സമനില സമ്മിനിച്ച ഗോൾ നേടിയത്.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇഞ്ചേടിഞ്ച് പോരാട്ടമായിരുന്നു. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 62ാം മിനിറ്റിൽ ഒഡീഷയുടെ മുന്നേറ്റ താരം ലിന്റ കോം ഗോകുലത്തിന്റെ വലകുലുക്കി. തുടർന്ന് തിരിച്ചടിക്കാൻ ഒഡിഷയും ലീഡുയർത്താൻ ഒഡിഷയും ആക്രമണങ്ങൾ മെനഞ്ഞതോടെ പോരാട്ടത്തിന് വീറ്കൂടി. കളിയുടെ അവസാനം 86ാം മിനുട്ടിൽ വീണുകിട്ടിയ അവസരം മുതലാക്കി ഷിൽക്കി ഗോകുലത്തിന് സമനില സമ്മാനിക്കുകയായിരുന്നു.

പ്രതീക്ഷിക്കാതെ ഗോകുലത്തിന് ലഭിച്ച കോർണർ ക്രിതിന ബോക്‌സിനുള്ളിൽ എത്തിച്ചു. കാത്തിരുന്ന ഷിൽക്കി മനോഹരമായ ഇടങ്കാലൻ ഷോട്ടിലൂടെ ഒഡിഷ വലകുലുക്കിയായിരുന്നു. കഴിഞ്ഞ വർഷം ഒരു പോയന്റ് വ്യത്യാസത്തിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനായാണ് ഗോകുലം ഇത്തവണ ബൂട്ട് കെട്ടുന്നത്. തുടക്കം മുതൽ ബോൾ ഗോകുലത്തിന്റെ കാലുകളിൽ തന്നെയായിരുന്നെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല.