രണ്ട് താലൂക്കുകളിലായി 65 കുട്ടികള്‍ക്ക് രോഗം; ലക്ഷണം ചെറിയ പനിയും തലവേദനയും

Saturday 11 January 2025 12:59 AM IST

ആലപ്പുഴ : ജില്ലയില്‍ കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് മാസത്തിനുള്ളല്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ 65കുട്ടികള്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ത്ഥികളില്‍ രോഗം വ്യാപകമായതിനെത്തുടര്‍ന്ന് എരമല്ലൂര്‍ എന്‍.എസ് എല്‍.പി.എസ്, പെരുമ്പളം എല്‍.പി.എസ് സ്‌കൂളുകള്‍ 21ദിവസത്തേക്ക് അടച്ചു.

എരമല്ലൂരിലെ സ്‌കൂളിലെ 27 കുട്ടികള്‍ക്കും പെരുമ്പളത്തെ അഞ്ചുകുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം പുന്നപ്ര ഗവ.ജെ.ബി.എല്‍.പി സ്‌കൂളില്‍ 33 എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിച്ചിരുന്നു. സാധാരണ രണ്ടാഴ്ചയ്ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇന്‍കുബേഷന്‍ കാലയളവ് (രോഗികളുമായി സമ്പര്‍ക്കത്തിലായവര്‍ക്ക് രോഗ ലക്ഷണം പ്രകടമാകാന്‍ സാധ്യതയുള്ള സമയം) 12 മുതല്‍ 25 ദിവസമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകള്‍ വായുവില്‍ കലരുന്നതു മൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.

വ്യാപനം വായുവിലൂടെ

പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്

വായുവിലൂടെയാണ് വ്യാപനം. ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുക

രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങും

രോഗം ബാധിച്ച് നാലു മുതല്‍ ആറുദിവസത്തിനുള്ളില്‍ മറ്റുള്ളവരിലേക്ക് പകരാം.

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം


ലക്ഷണങ്ങള്‍


ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശി വേദന മറ്റുലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ താമസിപ്പിക്കരുത്.

വാക്‌സിനേഷന്‍ നിറുത്തിയത് തിരിച്ചടി

സാര്‍വത്രിക വാക്സിനേഷന്‍ പട്ടികയില്‍ മുണ്ടിനീര് വാക്സിന്‍ ഇല്ലാത്തതാണ് രോഗവ്യാപനത്തിന് കാരണം

രോഗവ്യാപനം കൂടിയപ്പോള്‍ സംസ്ഥാനം മീസില്‍സ് (അഞ്ചാംപനി) വാക്സിനൊപ്പം മുണ്ടിനിര് വാക്സിനും നല്‍കി

കേന്ദ്രം മീസീല്‍സ് വാക്സിനൊപ്പം റുബൈല്ലാ വാക്സിനും ചേര്‍ത്ത് എം.ആര്‍ വാക്സിന്‍ നല്‍കിത്തുടങ്ങിയതോടെ അത് നിറുത്തി

മുണ്ടിനീര് വ്യാപകമായതോടെ എം.ആര്‍ വാക്സിനുപകരം എം.എം.ആര്‍ വാക്സിന്‍ നല്‍കണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിട്ടുണ്ട്

കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാം - ആരോഗ്യ വകുപ്പ്