ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര : ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ടീമിൽ, സഞ്ജു ഓപ്പണറാകും, റിഷഭ് പന്ത് പുറത്ത്
മുംബയ് : ഈ മാസം 22 മുതൽ ഇംഗ്ളണ്ടിനെതിരെ നടക്കുന്ന അഞ്ച് ട്വന്റി-കളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് വെററ്റൻ പേസർ മുഹമ്മദ് ഷമിയെ സെലക്ടർമാർ ഉൾപ്പെടുത്തി. ഒരുവർഷത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഷമി ടീമിൽ തിരിച്ചെത്തുന്നത്. ഇംഗ്ളണ്ടിനെതിരെ ട്വന്റി-20ക്ക് ശേഷം നടക്കുന്ന മൂന്ന് ഏകദിനങ്ങളുടേയും അടുത്ത മാസത്തെ ചാമ്പ്യൻസ് ട്രോഫിയുടേയും ടീമുകളെ പ്രഖ്യാപിച്ചിട്ടില്ല.
പരിക്കേറ്റതിനെത്തുടർന്ന് ഒരു വർഷത്തിലേറെയായി ഷമി ഒരു ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ കളിച്ചിരുന്നില്ല. 2023 നവംബറിൽ ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത് തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ആഗസ്റ്റ് മുതൽ തിരിച്ചുവരവിന് ശ്രമിച്ചിരുന്നെങ്കിലും പരിക്ക് പൂർണമായും മാറാതിരുന്നത് തടസമായി. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം വീണ്ടെടുത്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനാണ് ഷമി ശ്രമിച്ചത്. 2024 നവംബറിൽ മദ്ധ്യപ്രദേശിന് എതിരെ രഞ്ജി മത്സരത്തിൽ ബംഗാൾ ടീമിന് വേണ്ടിയാണ് ഷമി തിരിച്ചുവരവിൽ ആദ്യം കളിച്ചത്. തുടർന്ന് സെയ്ദ് മുഷ്താഖ് ട്രോഫിയിൽ ട്വന്റി-20 ഫോർമാറ്റിലും വിജയ് ഹസാരേ ട്രോഫിയിൽ ഏകദിന ഫോർമാറ്റിലും കളിച്ച് ഫിറ്റ്നെസ് തെളിയിച്ചെങ്കിലും ഓസ്ട്രേലിയൻ പര്യടനത്തിലേക്ക് കൂട്ടിയിരുന്നില്ല.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെ നിലനിറുത്തിയിട്ടുണ്ട്.ഓസ്ട്രേലിയൻ പര്യടനത്തിൽ കളിച്ച ജസ്പ്രീത് ബുംറയ്ക്കും റിഷഭ് പന്തിനും ട്വന്റി-20യിൽ വിശ്രമം നൽകിയിട്ടുണ്ട്. കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ് എന്നിവരും ഇല്ല, നിതീഷ് കുമാർ റെഡ്ഡിയെയും തിരിച്ചുവിളിച്ചു.