ബഹിരാകാശ സംഗമം: ഉപഗ്രഹങ്ങൾ 230 മീറ്റർ അടുത്തെത്തി
തിരുവനന്തപുരം:ബഹിരാകാശത്ത് ഇന്ത്യൻ ഉപഗ്രഹങ്ങളായ ചേസറും ടാർജറ്റും കൈകോർക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. 476 കിലോമീറ്റർ ഉയരത്തിൽ പരസ്പരം 1.5 കിലോമീറ്റർ അകലം പാലിച്ച് ഭൂമി യെചുറ്റികൊണ്ടിരുന്ന ഉപഗ്രഹങ്ങളുടെ അകലം ഇന്നലെ 230 മീറ്ററായി കുറച്ചുകൊണ്ടുവന്നു.ഇതോടെ സ്പെയ്സ് ഡോക്കിംഗ് എക്സ്പെരിമെന്റ് ദൗത്യത്തിനായുള്ള ശ്രമം അന്തിമ ഘട്ടത്തിലെത്തി. ഉപഗ്രഹങ്ങളെ 500 മീറ്ററിൽ നിന്ന് 225 മീറ്ററായി അടുപ്പിക്കാനുള്ള വ്യാഴാഴ്ചത്തെ ശ്രമം പാളിയിരുന്നു.തുടർന്ന് ദൗത്യം നീട്ടിവെച്ചു. വെള്ളിയാഴ്ച ഉപഗ്രഹങ്ങളെ 1.5കിലോമീറ്റർ അകലത്തേക്ക് മാറ്റിയ ശേഷമാണ് ഇന്നലെ രാത്രിയോടെ 230 മീറ്ററിലേക്ക് അടുപ്പിച്ചത്. ഇനി 15 മീറ്ററായും തുടർന്ന് 3 മീറ്ററായും അടുപ്പിക്കും. അതിന് ശേഷമാണ് കൂട്ടിച്ചേർത്ത് ഒന്നാക്കുക. അതുവിജയിച്ചാൽ, ബഹിരാകാശത്ത് ഉപഗ്രഹങ്ങളെയും പേടകങ്ങളെയും കൂട്ടിച്ചേർക്കാനും അകറ്റാനും പ്രാപ്തി കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറും. നിലവിൽ അമേരിക്ക,റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യയുള്ളത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് പരീക്ഷിക്കുന്നത്.