മോട്ടോർവാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: 1,49,490 രൂപ പിടികൂടി
പാലക്കാട്: ചരക്കു വാഹന ഉടമകളുടെ പരാതിയെ തുടർന്നു ജില്ലയിലെ അഞ്ച് ആർ.ടി.ഒ ചെക്‌പോസ്റ്റുകളിൽ വിജിലൻസ് ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 1,49,490 രൂപ പിടികൂടി. ചെക്‌പോസ്റ്റുകളിലും ഉദ്യോഗസ്ഥർക്കിടയിലും സൂക്ഷിച്ച പണമാണ് വിജിലൻസ് പിടികൂടിയത്. വാളയാർ ഔട്ട് ചെക്‌പോസ്റ്റിൽ നിന്നു 29,000 രൂപയും ഇൻ ചെപോസ്റ്റിൽ നിന്നു 90,650 രൂപയും പിടികൂടി. ഗോപാലപുരത്ത് 15,650 രൂപയും ഗോവിന്ദാപുരം 10,140 രൂപയും മീനാക്ഷിപുരത്ത് 4,050 രൂപയുമാണ് പിടികൂടിയത്. പാലക്കാട് യൂണിറ്റിനൊപ്പം തൃശൂർ, എറണാകുളം യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. കൈക്കൂലിപ്പണം പിടികൂടുമ്പോൾ ചെക്‌പോസ്റ്റുകളിൽ ഒരു എം.വി.ഐയും മൂന്ന് എ.എം.വി.എ.മാരും ഒരു ഓഫീസ് അസിസ്റ്റന്റുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വാളയാറിൽ ഉദ്യോഗസ്ഥർ ചെക്‌പോസ്റ്റിനകത്തു കയറി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം നിന്ന ശേഷമാണ് പരിശോധന നടത്തിയത്. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ ലോറി ജീവനക്കാർക്കൊപ്പം നിന്ന് ഒരു മണിക്കൂറിലേറെ നിരീക്ഷിച്ചാണ് ചെക്ക്പോസ്റ്റുകളിൽ കയറിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് സാധാരണ പോലെ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. ഈ സമയങ്ങളിൽ ലോറി ജീവനക്കാർ എത്തി രജിസ്‌ട്രേഷൻ പേപ്പറുകൾക്കൊപ്പം പണം കൈമാറുകയായിരുന്നു. ഓരോ വാഹനവും 500 മുതൽ 2000 രൂപവരെ കൈക്കൂലിയായി നൽകുന്നുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വാഹനങ്ങളിൽ ക്രമക്കേടുണ്ടെങ്കിലും ഇല്ലെങ്കിലും പണം കൈമാറുന്നതാണ് രീതി. ചരക്കു ലോറികളിൽ ഭാരക്കൂടുതൽ ഉൾപ്പെടെയുള്ള ക്രമക്കേടുണ്ടെങ്കിൽ മാമുൽ തുകയ്ക്കും 'കനം' കൂടുന്നതാണ് പതിവെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. രാത്രി 11ന് ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നോടെയാണ് അവസാനിച്ചത്. ഇതിനിടയിൽ മാത്രം ചെക്‌പോസ്റ്റുകളിൽ പിരിച്ചെടുത്ത തുകയാണ് 1.49 ലക്ഷം രൂപ. ഇതിനു മുൻപും ശേഷവും സമാനമായി വലിയ രീതിയിൽ മാമൂൽ പിരിവുണ്ടായിരിക്കണമെന്നും വിജിലൻസ് പറഞ്ഞു.