ഇത്തവണയും ഭാഗ്യം തുണച്ചത് മലയാളിയെ, ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് കോടികളുടെ സൗഭാഗ്യം
അബുദാബി: അബുദാബിയിൽ ഈ വർഷത്തെ ആദ്യ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയം വീണ്ടും മലയാളിക്കൊപ്പം. സൗദി അറേബ്യയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അബ്ദുളള സുലൈമാനെയാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്. അബ്ദുളള വാങ്ങിയ 019362 നമ്പരുളള ടിക്കറ്റിന് ഒരു മില്യൺ ദിർഹമാണ് (ഏകദേശം രണ്ടര കോടി രൂപ) നറുക്കെടുപ്പിലൂടെ ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ മാസവും താൻ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടെന്ന് അബ്ദുല്ല പറയുന്നു.
സമ്മാനത്തുക ഉപയോഗിച്ച് കടങ്ങൾ തീർക്കുമെന്നും ബാക്കി തുക കുടുംബത്തിനുവേണ്ടി മാറ്റി വയ്ക്കുമെന്നും അബ്ദുളള മാദ്ധ്യമങ്ങളോട് പറഞ്ഞു. www.bigticket.ae എന്ന വെബ്സൈറ്റിലോ സായിദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നോ ടിക്കറ്റുകൾ ഓൺലൈനായും അല്ലാതെയും വാങ്ങാം. ബിഗ്ടിക്കറ്റിലൂടെ മലയാളികളടക്കം നിരവധി പ്രവാസികളുടെ ജീവിതമാണ് മാറിമറിയുന്നത്. അടുത്തിടെ മറ്റൊരു മലയാളിക്കും ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടികൾ സമ്മാനമായി ലഭിച്ചിരുന്നു.
ബിഗ് ടിക്കറ്റിന്റെ 270ാം സീരീസ് നറുക്കെടുപ്പിൽ മനുമോഹനനാണ് മൂന്നുകോടി ദിർഹം (70 കോടിയിലേറെ ഇന്ത്യൻ രൂപ) ഗ്രാൻഡ് പ്രൈസ് നേടിയത്. ആറുവർഷമായി യുഎഇയിൽ താമസിക്കുന്ന മനു നഴ്‌സായി ജോലി ചെയ്യുകയാണ്. ഡിസംബർ 26ന് എടുത്ത 535948 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. കഴിഞ്ഞ അഞ്ചു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു മനു. 16 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തിരുന്നത്.