'രണ്ടു വർഷം കഴിഞ്ഞ് പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല'

Sunday 12 January 2025 9:10 PM IST

തിരുവനന്തപുരം: ഒരു അതിക്രമം നേരിട്ടാൽ ഒരു വർഷം കഴിഞ്ഞ് പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞ് പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ലെന്ന് എഴുത്തുകാരി കെ ആർ മീര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ ആർ മീരയുടെ പ്രതികരണം. അടുത്തിടെ സ്ത്രീകൾ തങ്ങളുടെ നേരെ നടന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞപ്പോൾ ഇപ്പോളാണോ പറയുന്നതെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് മീരയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല.

അവരവർക്കു മുറിപ്പെടും വരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ valid അല്ലാതാകാൻ OTP അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ.