@പരീക്ഷ പാസാകാത്തവർക്ക് സ്ഥാനക്കയറ്റം പുനഃപരിശോധന ഹർജിയുമായി വനംവകുപ്പ്

Monday 13 January 2025 12:00 AM IST

തിരുവനന്തപുരം: വകുപ്പുതല പരീക്ഷ പാസാകാതെ സ്ഥാനക്കയറ്റം നേടിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ (എസ്.എഫ്.ഒ) നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ വനംവകുപ്പ് പുനഃപരിശോധന ഹർജി നൽകി. യോഗ്യത പരീക്ഷ പാസാകാത്തവർക്കെതിരേ നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ച് അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എ.പി.സി.സിഎഫ്) വീണ്ടും സർക്കുലർ അയച്ചതിന് പിന്നാലെയാണ് ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. കേസ് നാളെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചേക്കും.

മതിയായ യോഗ്യത നേടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തസ്തികയിൽ തുടരുന്നവർക്കെതിരേ സ്ഥാനക്കയറ്റം റദ്ദാക്കുന്നത് അടക്കമുള്ള നടപടിയെടുത്ത് ഡിസംബർ 31നകം അറിയിക്കാനാണ് എ.പി.സി.സി.എഫ് പ്രമോദ്.ജി.കൃഷ്ണൻ 5 സർക്കിളുകളിലെയും സി.സി.എഫുമാരോട് നിർദ്ദേശിച്ചിരുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

2010ൽ നിലവിൽ വന്ന സർവീസ് റൂൾ പ്രകാരം 3 വകുപ്പുതല പരീക്ഷകളും 9 മാസത്തെ വിജയകരമായ പരിശീലനവും പൂർത്തിയാക്കാത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ എസ്.എഫ്.ഒമാരായി സ്ഥാനക്കയറ്റം നൽകാവൂയെന്നാണ് കെ.എ.ടി ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതിയും വിധിച്ചത്. ഇതിനെതിരെയാണ് വനംവകുപ്പ് പുനഃപരിശോധന ഹർജി നൽകിയത്.

വനംവകുപ്പിന്റെ 5 സർക്കിളുകളിലുള്ള 947 എസ്.എഫ്.ഒമാരിൽ 284 പേർ നിർബന്ധിത പരീക്ഷകൾ പാസാകാതെ തസ്തികയിൽ തു‌ടരുന്നുണ്ടെന്ന് ഭരണവിഭാഗം എ.പി.സി.സി.എഫിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം,3 വകുപ്പുതല പരീക്ഷകളും പാസായവരെ പരിഗണിച്ചാൽ എസ്.എഫ്.ഒ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരുടെ തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ പര്യാപ്തമാകില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ വാദം. 50 വയസ് കഴിഞ്ഞവർക്ക് സീനിയോരിറ്റി പ്രകാരം സ്ഥാനക്കയറ്റം നൽകേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.