മഹീന്ദ്ര ബി.ഇ 6, എക്‌സ്.ഇ.വി 9ഇ എന്നിവ വിപണിയിലേക്ക്

Monday 13 January 2025 12:02 AM IST

കൊച്ചി: മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് എസ്.യു.വികളുടെ ടോപ്പ് എൻഡ് വേരിയൻറുകളായ ബി.ഇ 6, എക്‌സ്.ഇ.വി 9ഇ എന്നിവയുടെ വില പ്രഖ്യാപിച്ചു. 2024 നവംബറിൽ അവതരിപ്പിച്ച ബി.ഇ 6 ന് 26.9 ലക്ഷവും എക്‌സ്.ഇ.വി 9ഇക്ക് 30.5 ലക്ഷം രൂപയും വീതമാണ് വില.

ഇരു വാഹനങ്ങളും പ്രതിമാസം 39,224, 45,450 രൂപ വീതം ഇ.എം.ഐ സ്‌കീമിലൂടെയും ലഭ്യമാവും. ടെസ്റ്റ് ഡ്രൈവുകൾ 14 മുതൽ ആരംഭിക്കും. 14ന് ബുക്കിംഗുകൾ ആരംഭിക്കും. മാർച്ച് ആദ്യം ഡെലിവറി ആരംഭിക്കാനാണ് ലക്ഷ്യം.

പ്രീമിയം സാങ്കേതികവിദ്യയെ ജനകീയമാക്കുന്ന മഹീന്ദ്രയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് വാഹനങ്ങൾ രൂപകല്പന ചെയ്തത്. ആഡംബരത്തിന്റെയും അത്യാധുനിക ഫീച്ചറുകളുടെയും സമാനതകളില്ലാത്ത പ്രകടനത്തിന്റെയും സമ്മിശ്രണമാണ് മോഡലുകൾ. ത്രീ ഫോർ മി എന്ന ഫിനാൻസ് സ്‌കീമും മഹീന്ദ്ര അവതരപ്പിച്ചിട്ടുണ്ട്. ആറ് വർഷ കാലാവധിയിൽ പ്രതിമാസ ഇ.എം.ഐയിൽ വാഹനങ്ങൾ സ്വന്തമാക്കാം.

79 കിലോവാട്ട് ബാറ്ററി പായ്ക്കിൽ 500 കിലോമീറ്ററിലധികം യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വൈഡ് സിനിമാസ്‌കോപ്പ്, ഡിജിറ്റൽ കോക്ക്പിറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഇൻഫിനിറ്റി റൂഫ്, സോണിക് സ്റ്റുഡിയോ എക്‌സ്പീരിയൻസ്, മൾട്ടിെഡ്രൈവ് മോഡ്‌സ്, അഞ്ച് റഡാറുകളും വിഷൻ സംവിധാനവുമുള്ള എ.ഡി.എ.എസ് ലെവൽ 2 പ്ളസ്, ഐ ഐഡൻറിറ്റി, 360 ഡിഗ്രി ക്യാമറ, ഓട്ടോപാർക്ക് എന്നിവയാണ് മറ്റു സവിശേഷതകൾ.

ഇലക്ട്രിക് എസ്.യു.വികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെക്ടർ പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ വീജയ് നക്ര പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രതിമാസം 500 യൂണിറ്റുകളുടെ വില്പനയാണ് ലക്ഷ്യം.