മെസിയെ കൊണ്ടുവരാൻ കേന്ദ്ര അനുമതി ലഭിച്ചു
തിരുവനന്തപുരം : ലയണൽ മെസിയുൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കളിക്കാൻ കൊണ്ടുവരുന്നതിന് കേരള സർക്കാരിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. കേന്ദ്രാനുമതി ലഭിച്ചെങ്കിൽ മാത്രമേ അർജന്റീന ഫുട്ബാൾ അസോസിയേഷന് പണം കൈമാറാൻ കഴിയുമായിരുന്നുള്ളൂ. നൂറുകോടിയോളം രൂപയാണ് ടീമിനെ വിട്ടുനൽകുന്നതിന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഇതിന്റെ ആദ്യ ഗഡുവെങ്കിലും നൽകിയാലേ അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ കേരളം സന്ദർശിക്കാൻ എത്തുകയുള്ളൂ.
എ.എഫ്.എ ഭാരവാഹികൾ സ്റ്റേഡിയങ്ങളും മറ്റും പരിശോധിച്ച് സംതൃപ്തരായ ശേഷം നടത്തുന്ന സംയുക്ത യോഗത്തിൽ ധാരണാപത്രം ഒപ്പിടുകയും മത്സരദിവസം പ്രഖ്യാപിക്കുകയും ചെയ്യും. കേന്ദ്രാനുമതി ലഭിച്ചതോടെ ഇതിനുള്ള പ്രവർത്തനങ്ങൾ ഉൗർജിതമാക്കുകയാണ് കായിക വകുപ്പ്.
അതേസമയം ഈവർഷം ഒക്ടോബർ 25-ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്ന മന്ത്രി വി. അബ്ദുറഹ്‌മാൻ പിന്നീട് ഇക്കാര്യത്തിൽ മാധ്യമങ്ങൾ വ്യക്തത തേടിയപ്പോൾ ഒഴിഞ്ഞുമാറിയിരുന്നു. 25-ന് കേരളത്തിലെത്തുന്ന മെസി നവംബർ രണ്ടുവരെ കേരളത്തിൽ തുടരുമെന്നും രണ്ട് സൗഹൃദമത്സരങ്ങൾക്കുപുറമേ 20 മിനിട്ടുള്ള ഒരു പൊതുപരിപാടിയിലും പങ്കെടുക്കുമെന്ന് മന്ത്രി ഫറോക്ക് ചെറുവണ്ണൂരിൽ സ്വകാര്യചടങ്ങിൽ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായാണ് പറഞ്ഞത്. പിന്നാലെ മാദ്ധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ 'അതുനമുക്ക് പിന്നെ പറയാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്വകാര്യചടങ്ങിലേത് കുട്ടികളോട് പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു.