പിവി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു; കത്ത് സ്‌പീക്കർക്ക് കൈമാറി
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് അംഗമായതിന് പിന്നാലെ പിവി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ സ്‌പീക്കർ എഎൻ ഷംസീറിനെ നേരിൽ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്. തന്റെ വാഹനത്തിൽ നിന്ന് എംഎൽഎ ബോർഡ് അൻവർ നേരത്തേ നീക്കം ചെയ്‌തിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനിൽക്കെയാണ് രാജി.
തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എംഎൽഎ സ്ഥാനം തടസമാണ്. നിയമസഭയുടെ കാലാവധി തീരും മുമ്പ് അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി.
കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ പിവി അൻവർ ചേർന്നത്. നിലവിൽ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഇതിനൊപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപിപ്പിക്കുന്നതിന് എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്‌ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയതായും വിവരമുണ്ട്.
അൻവറിനെ യുഡിഎഫിൽ എടുക്കണോ എന്ന കാര്യത്തിൽ തീരുമാനമൊന്നും ഇതുവരെ വന്നിട്ടില്ല. നിലമ്പൂരിൽ വീണ്ടും മത്സരിച്ച് തന്റെ കരുത്ത് സർക്കാരിനും എൽഡിഎഫിനും മുന്നിൽ തെളിയിക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത്.