ഇന്ത്യൻ പ്രവാസികൾക്ക് 'പുതിയ പണി' വരുന്നു: തൊഴിൽ വിസ ഇനി എളുപ്പത്തിൽ ലഭിക്കില്ല, തീരുമാനം നടപ്പാക്കി സൗദി
റിയാദ്: സൗദി അറേബ്യയിൽ ജോലി തേടിപ്പോകുന്ന ഇന്ത്യൻ പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. തൊഴിൽ വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ തൊഴിലാളികൾ ജനുവരി 14 മുതൽ പ്രൊഫഷണൽ, അക്കാദമിക് യോഗ്യതകളുടെ പ്രീവെരിഫിക്കേഷൻ പൂർത്തിയാക്കണം. ആറ് മാസങ്ങൾക്ക് മുമ്പാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കാൻ സൗദി തീരുമാനിച്ചത്.
ഇന്ത്യൻ തൊഴിലാളികളുടെ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കാനുള്ള പരിശീലന കേന്ദ്രങ്ങളുടെ എണ്ണം പരിമിതമായതിനാൽ ഈ നീക്കം ഇന്ത്യൻ തൊഴിലാളികളുടെ വരവ് കുറയ്ക്കും. സൗദിയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. 2024 ലെ കണക്കനുസരിച്ച്, 2.4 ദശലക്ഷത്തിലധികം ഇന്ത്യൻ തൊഴിലാളികൾ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ട്, ഇതിൽ 1.64 ദശലക്ഷം സ്വകാര്യ മേഖലയിലും 785,000 വീട്ടുജോലിയിലുമാണ്. സൗദിയിൽ ഏറ്റവും കൂടുതലുള്ള പ്രവാസി സമൂഹം ബംഗ്ലാദേശികളാണ്.
സൗദി അറേബ്യയുടെ വിഷൻ 2030 അനുസൃതമായി പ്രവാസികളുടെ തൊഴിൽ കരാർ കൂടുതൽ അയവുള്ളതാക്കാൻ ഒട്ടേറെ പരിഷ്‌കാരങ്ങൾ രാജ്യം നടപ്പാക്കിയിരുന്നു. ചില ജോലികൾക്ക് വേണ്ട യോഗ്യത സർട്ടിഫിക്കേഷൻ ഈ മാറ്റങ്ങളുടെ ഭാഗമായിരുന്നു. ഇന്ത്യയിലെ സൗദി മിഷൻ പുറത്തിറക്കിയ സർക്കുലർ പ്രകാരം, തൊഴിൽ വിസകൾ നൽകുന്നതിനുള്ള പ്രൊഫഷണൽ വെരിഫിക്കേഷൻ നടപടിക്രമങ്ങൾ ജനുവരി 14 മുതൽ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇനി മുതൽ തൊഴിൽ വിസ ലഭിക്കാൻ പ്രൊഫഷണൽ, അക്കാദമിക് യോഗ്യതകൾ തെളിയിക്കേണ്ടത് നിർബന്ധമാക്കും. തൊഴിലാളികളുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത്. തൊഴിലുടമകളും എച്ച്ആർ വിഭാഗങ്ങളും പ്രവാസി ജീവനക്കാരുടെ സർട്ടിഫിക്കറ്റുകളും വിവരങ്ങളും പരിശോധിക്കാൻ ഭരണകൂടം പ്രോത്സഹിപ്പിക്കുന്നുണ്ട്. എന്നാൽ, അപേക്ഷകർക്ക് പരിശോധന നടത്താൻ മതിയായ കേന്ദ്രങ്ങളില്ലെന്ന പരാതി വ്യാപകമാണ്.