സാഹിത്യ ക്യാമ്പ് ശ്രദ്ധേയമായി
കുറ്റ്യാടി: വേദിക വായനശാല നരിക്കൂട്ടുംചാലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് "സർഗ്ഗലയം" ശ്രദ്ധേയമായി. വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കഥയുടെ ലോകം എന്ന വിഷയത്തിൽ മധു കടത്തനാടും, കാവ്യവഴികളിലൂടെ എന്ന വിഷയത്തിൽ ഗോപിനാരായണനും, കെ.സി.ടി.പി.വീണയും കുട്ടികളുമായി സംവദിച്ചു. കഥകളും കവിതകളും രചിച്ചും ആലപിച്ചും കുട്ടികൾ ക്യാമ്പിനെ അവിസ്മരണീയമാക്കി. വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന സാഹിത്യാഭിരുചികൾ പരിപോഷിപ്പിക്കുന്നതിൽ വായനശാലകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ പറഞ്ഞു. വേദിക പ്രസിഡന്റ് ജെ.ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ജെ.സജീവ് കുമാർ, കെ.കെ.രവീന്ദ്രൻ, ടി. സുരേഷ് ബാബു, കെ.കെ.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.