സാമൂഹിക വിഷയങ്ങൾ അവതരിപ്പിച്ച് കേരളകൗമുദി വഴികാട്ടുന്നു: മന്ത്രി അനിൽ

Tuesday 14 January 2025 4:47 AM IST

തൃശൂർ: വാർത്തകൾക്ക് അപ്പുറം സാമൂഹ്യവിഷയങ്ങളെ അവതരിപ്പിച്ച് വഴികാട്ടിയായി നിലകൊള്ളുകയും അനുബന്ധ വാർത്തകളിലൂടെ അവ വിജയിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് കേരളകൗമുദിയെ മറ്റു പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ. കേരളകൗമുദിയുടെ 114-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഏറ്റെടുക്കുന്ന, നാടിന് ഗുണകരമാകുന്ന പ്രക്ഷോഭങ്ങളെല്ലാം കേരളകൗമുദി വിജയിപ്പിച്ചു. ജനങ്ങളുടെ വിഷയങ്ങൾക്ക് എന്നും പിൻബലം നൽകുന്ന പത്രമാണ് കേരളകൗമുദി. പുരോഗമന ആശയങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചു പോരുന്നു. ചെറുപ്പം മുതൽ വായിച്ചു പോന്ന പത്രമാണിത്. അതുകൊണ്ട് വൈകാരിക ബന്ധവുമുണ്ട്. സമൂഹത്തിലെ പരമ്പരാഗത വിഷയങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും കണ്ടറിയുന്ന പത്രം കൂടിയാണിത്. അതുകൊണ്ടാണ് ഇത്തരമൊരു പ്രവാസി സംഗമം ഏറ്റെടുത്തു നടത്താൻ തുനിഞ്ഞത്. വിദേശത്തേയ്ക്ക് പുതിയ തലമുറയുടെ വലിയൊരു വിഭാഗം ചേക്കേറുന്ന കാലമാണിത്. തൊഴിൽ തേടി മാത്രമല്ല, പഠിക്കാനും പോകുന്ന വലിയൊരു വിഭാഗമുണ്ട്. അവർ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു.
അത്തരമൊരു ചിന്ത പ്രോത്സാഹിപ്പിക്കപ്പെടണോ എന്നത് സംബന്ധിച്ച് ഗൗരവമായി ചർച്ച ചെയ്യേണ്ട സമയമാണിത്. പ്രവാസികൾ നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നത് കേന്ദ്രസർക്കാരിന്റെ കണക്കുകളിൽ വ്യക്തമാണെന്നത് കൂടി നമ്മൾ തിരിച്ചറിയണം. ലോക കേരളസഭ പോലെ ഒന്ന് മറ്റൊരു സംസ്ഥാനത്ത് ഉണ്ടാകാനിടയില്ല. ലോകകേരള സഭയിൽ ജനപ്രതിനിധികളെല്ലാം പൂർണമായി പങ്കെടുത്ത് പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കുകയും അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൊണ്ട് പ്രവാസികൾ കേരള സർക്കാരിനെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. കേരളത്തിന്റെ നേട്ടങ്ങളിൽ പ്രവാസികളുടെ പങ്ക് ഒരിക്കലും മാറ്റിനിറുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.