വൈദികർ സമരം നിറുത്തി; 20 മുതൽ തുടർ ചർച്ചകൾ

Tuesday 14 January 2025 4:57 AM IST

കൊച്ചി: സിറോമലബാർ സഭയെ പ്രതിസന്ധിയിലാക്കി എറണാകുളം അതിരൂപതാ ആസ്ഥാനത്ത് വൈദികർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വൈദികരുമായി അതിരൂപതയുടെ പുതിയ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ ചർച്ചയിലാണിത്.

ഒമ്പതിന് അതിരൂപതാ ആസ്ഥാനത്ത് ആരംഭിച്ച സമരം ഇന്നലെ രാവിലെ എട്ടിന് അവസാനിപ്പിച്ച് വൈദികർ ഇടവകകളിലേക്ക് മടങ്ങി. ജില്ലാ കളക്‌ടർ എൻ.എസ്.കെ. ഉമേഷ് ഞായറാഴ്ച വൈകിട്ട് വിളിച്ച യോഗത്തിൽ സമരം അവസാനിപ്പിക്കാൻ വൈദികർ സന്നദ്ധത അറിയിച്ചിരുന്നു. തുടർന്ന് ജോസഫ് പാംബ്ളാനി ഞായറാഴ്ച രാത്രി വൈദികരുമായി ചർച്ച നടത്തുകയായിരുന്നു.

ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറാകാത്ത വൈദികരെ സസ്‌പെൻഡ് ചെയ്യുകയും ശിക്ഷാനടപടികൾക്ക് സഭാകോടതി രൂപീകരിക്കുകയും ചെയ്‌തത്തിലാണ് 21 വൈദികർ ബിഷപ്പ് ഹൗസിനുള്ളിൽ സമരം ആരംഭിച്ചത്. ഇവരെ നീക്കാൻ പൊലീസ് ബലംപ്രയോഗിച്ചത് സംഘർഷത്തിന് വഴിതെളിച്ചു. തുടർന്നാണ് സിനഡ് സമാധാനശ്രമം ആരംഭിച്ചത്.

ധാരണകൾ

ഒരു മാസത്തിനകം അതിരൂപതയിലെ സഭാസമിതികളും ഭരണ സമിതിയും(കൂരിയ) പുനഃസംഘടിപ്പിക്കും.

വൈദികർക്കെതിരെ ആരംഭിച്ച ശിക്ഷാനടപടികൾ നിറുത്തിവയ്‌ക്കും.

20നകം ബിഷപ്പ് ഹൗസിൽ നിന്ന് പൊലീസിനെ ഒഴിവാക്കും.

ബിഷപ്പ് ഹൗസിൽ എല്ലാവർക്കും കടന്നുവരാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും.

തുടർചർച്ചകൾ 20ന് ജോസഫ് പാംബ്ളാനിയുടെ നേതൃത്വത്തിൽ ആരംഭിക്കും.

വൈദികർ ഉന്നയിച്ച വിഷയങ്ങളിൽ ചർച്ച നടത്താമെന്ന അനുകൂലനിലപാട് ജോസഫ് പാംബ്ളാനി അറിയിച്ചതിനാലാണ് സമരം അവസാനിപ്പിച്ചത്.

-ഫാ. കുര്യാക്കോസ് മുണ്ടാടൻ

അതിരൂപതാ സംരക്ഷണ സമിതി