വിഴിഞ്ഞത്തിനുള്ള വി.ജി.എഫ് 817.80 കോടി ,​ കേന്ദ്ര സർക്കാർ തന്നില്ലെങ്കിൽ കേരളം വഹിക്കും

Tuesday 14 January 2025 12:04 AM IST

 നൽകുന്നത് നബാർഡ് വായ്പയിൽ നിന്ന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് നേരത്തേ വാഗ്ദാനം ചെയ്തിരുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടായ (വി.ജി.എഫ്) 817.80 കോടി കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനം തന്നെ ഇത് അദാനി ഗ്രൂപ്പിന് ലഭ്യമാക്കിയേക്കും. തുറമുഖ നിർമ്മാണത്തിന് നബാർഡ് അനുവദിച്ചിട്ടുള്ള 2100 കോടി വായ്പയിൽ നിന്ന് ഇത് നൽകാനാണ് നീക്കം. അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനങ്ങളുടെ അധികഭാരം ലഘൂകരിക്കാനാണ് കേന്ദ്രം വി.ജി.എഫ് നൽകുന്നത്.

തുറമുഖ കമ്മിഷനിംഗിന് ശേഷമാണ് വി.ജി.എഫ് അദാനിക്ക് നൽകേണ്ടത്. 817.80 കോടി അനുവദിച്ചാൽ പകരം തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20% നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഇക്കാര്യം കേന്ദ്രഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാൾ രാജ്യസഭയിലും വ്യക്തമാക്കിയിരുന്നു. ഇതംഗീകരിച്ചാൽ 12,000 കോടിയോളം സംസ്ഥാനം കേന്ദ്രത്തിന് നൽകേണ്ടിവരും. ഇതൊഴിവാക്കാനാണ് നബാർഡ് വായ്പയിൽ നിന്ന് അനുവദിക്കാനുള്ള നീക്കം.

തൂത്തുക്കുടി തുറമുഖ വികസനത്തിന് തിരിച്ചടവില്ലാത്ത വി.ജി.എഫ് നൽകിയതുപോലെ വിഴിഞ്ഞത്തിനും അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. തുറമുഖവരുമാനത്തിന്റെ 80% സംസ്ഥാനത്തിന് കിട്ടുമല്ലോ എന്നായിരുന്നു മറുപടി. വായ്പയല്ലാതെ ഒറ്റത്തവണ ഗ്രാന്റായി നൽകണമെന്ന മുഖ്യമന്ത്രിയുടെ കത്തിനും അനുകൂല മറുപടിയുണ്ടായില്ല. കേന്ദ്രത്തിന് പുറമെ, സംസ്ഥാനവും 365.10 കോടി വി.ജി.എഫായി അദാനിക്ക് നൽകുന്നുണ്ട്.

നബാർഡ് വായ്പയ്ക്ക്

സർക്കാർ ഗ്യാരന്റി

സർക്കാർ ഗ്യാരന്റിയിലാണ് 8.35%പലിശയ്ക്ക് നബാർഡ് 2100 കോടി തുറമുഖക്കമ്പനിക്ക് നൽകുന്നത്. 15വർഷമാണ് തിരിച്ചടവ് കാലാവധി. പ്രതിവർഷം 150കോടിയോളം തിരിച്ചടവ് വരും. നിർമ്മാണവിഹിതം, സംസ്ഥാന വി.ജി.എഫ്, റെയിൽ-ദേശീയപാത സ്ഥലമെടുപ്പ് ചെലവുകൾക്ക് ഇതുപയോഗിക്കാം. ഈ വായ്പയിൽ 697കോടി ഇതിനകം വാങ്ങിയിട്ടുണ്ട്.

തിരിച്ചടവിന് വ്യവസ്ഥയില്ല

2005മുതൽ 238 പൊതു,സ്വകാര്യ പദ്ധതികൾക്ക് 23,665കോടി വി.ജി.എഫായി അനുവദിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും വായ്പയാക്കി തിരിച്ചടവിന് വ്യവസ്ഥയില്ല

കൊച്ചിമെട്രോയ്ക്കുള്ള വി.ജി.എഫിനും തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്ല. തൂത്തുക്കുടിക്കുള്ള 1411കോടിക്കും തിരിച്ചടവ് നിബന്ധനകളില്ല

2,15,000 കോടി

40​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​കാ​ല​യ​ള​വി​ൽ

​തു​റ​മു​ഖ​ത്തെ ​വരുമാനം

48,000​കോ​ടി​ ​

36​​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്ത​ന​

കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​രി​ന് ​കിട്ടുന്നത്

10,000കോടി

രണ്ടും മൂന്നുംനാലും ഘട്ടങ്ങളുടെ

വികസനത്തിന് അദാനി മുടക്കുന്നത്

''കേന്ദ്രം വി.ജി.എഫ് അനുവദിച്ചില്ലെങ്കിലും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഒരുതടസവുമുണ്ടാവില്ല. നബാർഡ് വായ്പയിൽനിന്ന് പണംനൽകും.

-വി.എൻ.വാസവൻ,

തുറമുഖമന്ത്രി