ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നിലമ്പൂർ

Tuesday 14 January 2025 12:05 AM IST

മലപ്പുറം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന്റെ അലയൊലികൾ തീരും മുമ്പേ നിലമ്പൂർ വീണ്ടും നിയോജക മണ്ഡലം തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ ചുമതല ഏറ്റെടുത്തതിന് പിന്നാലെ പി.വി.അൻവർ എം.എൽ.എ സ്ഥാനം രാജിവച്ചതാണ് പൊതുതിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ബാക്കി നിൽക്കെ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. സി.പി.എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും കൊമ്പുകോർത്ത് പുറത്തേക്ക് പോയ അൻവർ വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലമ്പൂരിലെ വിജയപരാജയങ്ങൾക്ക് രാഷ്ട്രീയമാനം ഏറെയാണെന്നതിനാൽ ഇത്തവണ പോരിന് ആവേശം കൂടുമെന്ന് ഉറപ്പ്.

യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ അൻവർ പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫിൽ കോൺഗ്രസിന്റെ സീറ്റായ നിലമ്പൂരിൽ കണ്ണുവച്ചവർ നിരവധിയുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്,​ ഡി.സി.സി പ്രസി‌ഡന്റ് വി.എസ്. ജോയ് എന്നിവരുടെ പേരുകളാണ് ഇതിൽ മുഖ്യം. ഇരുവരും മണ്ഡ‌ലത്തിൽ തന്നെയുള്ളവരും. 1987 മുതൽ 2016 വരെ 29 വർഷം ആര്യാടൻ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലത്തിൽ മുൻ കോൺഗ്രസുകാരനായ പി.വി.അൻവർ 2011ൽ ആണ് ഇടതു സ്വതന്ത്രനായി അട്ടിമറി വിജയം നേടിയത്. ആര്യാടൻ ഷൗക്കത്തിനെതിരെ 11,504 വോട്ടിന്റെ ഭൂരിപക്ഷം അൻവറിന്റെ വിജയത്തിന് മാറ്റ് കൂട്ടി. 2011ൽ ആര്യാടൻ മുഹമ്മദ് 5,​598 വോട്ടിനാണ് വിജയിച്ചിരുന്നത്. 2021ൽ ആര്യാടൻ ഷൗക്കത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. ഡി.സി.സി പ്രസിഡന്റായിരുന്ന അഡ്വ.വി.വി. പ്രകാശിനെ മത്സരിപ്പിച്ചപ്പോൾ 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിന് അൻവർ മണ്ഡലം നിലനിറുത്തി. അൻവറിന്റെ പിൻമാറ്റത്തോടെ കാൽനൂറ്റാണ്ടിലധികം തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം പിടിച്ചെടുക്കുക എന്ന അഭിമാന പോരാട്ടത്തിലേക്ക് കൂടിയാണ് കോൺഗ്രസ് കടക്കുക.

കെ. കുഞ്ഞാലിയിലൂടെ ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും ചെങ്കൊടി പാറിയ മണ്ണ് തുടർന്ന് ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടി. 1987 മുതൽ 2011 വരെ മലബാറിലെ കോൺഗ്രസിന്റെ മുഖമായിരുന്ന ആര്യാടൻ മുഹമ്മദിലൂടെ കോട്ടയാക്കി നിലനിറുത്തി. 2016ൽ ആര്യാടൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയപ്പോൾ പകരക്കാരനായത് മകൻ ആര്യാടൻ ഷൗക്കത്താണ്. കോൺഗ്രസ് പാളയത്തിലെ പടയും മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങളും തിരിച്ചറിഞ്ഞ് മുൻ കോൺഗ്രസുകാരനായ പി.വി. അൻവറിനെ സി.പി.എം സ്വതന്ത്രനായി മത്സരിപ്പിച്ചതോടെ നിലമ്പൂർ മറ്റൊരു ചരിത്രം രചിച്ചു. 1982ൽ ടി.കെ. ഹംസയിലൂടെ ചെങ്കൊടി പാറിപ്പിച്ച നിലമ്പൂർ എൽ.ഡി.എഫ്, 29 വർഷത്തിനു ശേഷം തിരിച്ചുപിടിച്ചു.

സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണ വേദിയായ നിലമ്പൂരിൽ ഇത്തവണ ആര് സ്ഥാനാർത്ഥി ആവുമെന്നത് ആകാംക്ഷ നിറഞ്ഞതാണ്. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം കടന്നാക്രമിക്കുന്ന പി.വി.അൻവറിന് ഉപതിരഞ്ഞെടുപ്പിലൂടെ മറുപടിയേകുക എന്ന ലക്ഷ്യമാണ് സി.പി.എമ്മിന്. സർവ്വ സന്നാഹങ്ങളോടെ എൽ.ഡി.എഫ് ക്യാമ്പ് ഒരുങ്ങുകയും കോട്ട തിരിച്ചുപിടിക്കാൻ യു.ഡ‌ി.എഫും പിണറായിസത്തിന് അന്ത്യം കുറിക്കാനുള്ള ആദ്യ ആണി അടിക്കാൻ എന്ന പ്രഖ്യാപനവുമായി അൻവറും രംഗത്തുവരുമ്പോൾ നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പിൽ തീ പാറുമെന്ന് ഉറപ്പ്. അഞ്ച് പഞ്ചായത്തുകൾ യു.ഡി.എഫിന്റെയും രണ്ട് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും എൽ.ഡി.എഫിന്റെയും കൈവശമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 784 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 2,​700 വോട്ടിന്റെയും. മലയോര മേഖല ഉൾപ്പെടുന്ന നിയോജക മണ്ഡലം നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആരെ പിന്തുണയ്ക്കുമെന്നത് കണ്ടറിയേണ്ടതാണ്.