സമവായത്തിലെത്തി സമസ്ത ലീഗ് വിരുദ്ധർ

Tuesday 14 January 2025 12:32 AM IST

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി സമസ്തയിലെ ലീഗ് വിരുദ്ധർ. ഇന്നലെ പാണക്കാട് നടന്ന ചർച്ചയിൽ വിവിധ വിഷയങ്ങളിൽ ഇരു കൂട്ടരും സമവായത്തിലെത്തി. ലീഗ് വിരുദ്ധ ചേരിയുടെ മുഖങ്ങളായി അറിയപ്പെടുന്ന അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമർ ഫൈസി എന്നിവരും പങ്കെടുത്തു. സമസ്ത അദ്ധ്യക്ഷൻ ജിഫ്രി തങ്ങൾ കഴിഞ്ഞയാഴ്ച സമസ്തയിലെ ലീഗ് വിരുദ്ധരുമായി നടത്തിയ ചർച്ചയുടെ തുടർ നടപടിയായാണിത്.

ഒരുമിച്ച് പോവണമെന്ന കൃത്യമായ സന്ദേശം സമസ്തയിലെ ലീഗ് വിരുദ്ധർക്ക് ജിഫ്രി തങ്ങൾ നേരത്തെ കൈമാറിയിരുന്നു. എന്നാൽ ഇക്കാര്യം പൂർണ്ണമായും പാലിക്കാൻ ഇവർ തയ്യാറായില്ല. സാദിഖലി തങ്ങൾ ക്രിസ്മസ് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് ഹമീദ് ഫൈസി അമ്പലക്കടവ് പരസ്യമായി രംഗത്തുവന്നത് വിവാദമായി. പിന്നാലെ,​ സാമൂഹിക സൗഹാർദ്ദത്തിന് വിലങ്ങിടുന്ന പ്രസ്താവന നടത്തിയ ഹമീദ് ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂലികളായ 25 നേതാക്കൾ ഒപ്പിട്ട കത്ത് ജിഫ്രി തങ്ങൾക്ക് കൈമാറി. ഇതോടെ ലീഗ് വിരുദ്ധ ചേരിയെ സമസ്ത അദ്ധ്യക്ഷൻ ജിഫ്രി തങ്ങൾ പൂർണ്ണമായും കൈവിട്ടു. സാദിഖലി തങ്ങളുമായി ചർച്ച നടത്തി തെറ്റിദ്ധാരണ തിരുത്താനും ആവശ്യപ്പെട്ടു. സാദിഖലി തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും തെറ്റിദ്ധാരണ മാറ്റിയെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ചർച്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.