തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക്, ശരണാരവങ്ങളിൽ സന്നിധാനം

Tuesday 14 January 2025 12:35 AM IST

ശബരിമല : മകരസംക്രമണ നാളിൽ ശബരീശ്വന് ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30ന് ശരംകുത്തിയിൽ എത്തും. 6.30ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ്മ സ്ഥാപന മന്ത്രി പി.കെ.ശേഖർ ബാബു, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവരര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. 19ന് മാളികപ്പുറത്തെ മഹാഗുരുതി നടക്കും. 20ന് പുലർച്ചെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നടയടക്കും. ഒന്നരലക്ഷത്തോളം ഭക്തരെയാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.

ഒരുക്കങ്ങൾ പൂർണം: പി.എസ്.പ്രശാന്ത്

ശബരിമല : മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ്, ശബരിമല ചീഫ് പൊലീസ് കോ -ഓർഡിനേറ്റർ എസ്.ശ്രീജിത്ത്, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ വി.അജിത്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധന പൂർത്തിയാക്കി. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും മറ്റിടങ്ങളിലും തമ്പടിച്ചിരുന്നവരുടെ സുരക്ഷക്കായി പൊലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്നവർ പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വാർത്താ സമ്മേളനത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരും പങ്കെടുത്തു

മകരവിളക്ക് ദർശനശേഷമുള്ള മടക്കയാത്രയ്ക്കായി

പമ്പയിൽ 800 കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാക്കി.