രാഷ്ട്രീയം നോക്കി ആളുകളെ വേർതിരിച്ച് കാണരുത്: അഡ്വ.പി.എസ് ശ്രീധരൻ പിള്ള
കോഴിക്കോട് : രാഷ്ട്രീയം നോക്കി ആളുകളെ വേർതിരിച്ചു കാണുന്ന പ്രവണത ശരിയല്ലെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള. പല വേദികളിലും അവർ പ്രതിനീധീകരിക്കുന്ന രാഷ്ട്രീയത്തെ മാത്രം അടിസ്ഥാനമാക്കി മാറ്റി നിർത്തുന്ന സാഹചര്യം വർദ്ധിച്ചുവരികയാണ്. കഴിവിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ അംഗീകരിക്കേണ്ടതും പരിഗണിക്കേണ്ടതും. ഇതിൽ രാഷ്ട്രീയം കലർത്തുന്നത് സമൂഹത്തിന്റെ അപചയത്തിന് കാരണമാകും. ജനാധിപത്യത്തിൽ ആരും ശത്രുക്കളല്ലെന്നും സതീഷ് കുറ്റിയിൽ മെമ്മോറിയൽ പ്രഥമ സേവാ പുരസ്കാരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവന് നൽകി ശ്രീധരൻ പിള്ള പറഞ്ഞു. സതീഷ് കുറ്റിയിലിനെ പോലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന വ്യക്തിയുടെ പേരിൽ നൽകുന്ന അവാർഡ് പൊതുരംഗത്തുള്ളവർക്ക് പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു.
സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. സതീഷ് കുറ്റിയിലിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മകൻ ഷാരോൺ സതീഷ് രചിച്ച 'കാൻസർ സീറോ നിർവാണ വൺ' എന്ന പുസ്തകം പി.എസ് ശ്രീധരൻ പിള്ള മാതൃഭൂമി ചെയർമാൻ പി.വി ചന്ദ്രന് നൽകി പ്രകാശനം ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആമുഖഭാഷണം നടത്തി. കാവാലം ശശികുമാർ, ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാർ, കാമൽ വരദൂർ, പ്രശാന്ത്, ഡോ. ബ്രിട്ടോ സതീഷ്, സെെറ സതീഷ്, ഷാരോ സതീഷ് , മഞ്ജു ഹരി എന്നിവർ പ്രസംഗിച്ചു.