നാടകശാലയിൽ നവവത്സര ഭക്ഷ്യക്കിറ്റ് വിതരണവും മാഗസിൻ പ്രകാശനവും
തൊടിയൂർ: കരുനാഗപ്പള്ളി നാടകശാല നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ ഭക്ഷ്യക്കിറ്റ് വിതരണം നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്ഘാടനം ചെയ്തു.
അഞ്ചാം വർഷാരംഭത്തിൽ 2221-ാമത്തെ ഭക്ഷ്യക്കിറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
എവർ മാക്സ് ബഷീർ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട പടിപ്പുര ലത്തീഫിനെ നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്വ.രാജീവ് രാജധാനി, അഡ്വ.സുരേഷ് കുമാർ കുറത്തികാട്, തഴവ സത്യൻ, മുനമ്പത്ത് ഷിഹാബ്, ജയചന്ദ്രൻ തൊടിയൂർ, സീനാ രവി, ഡോ. നീമാപത്മാകരൻ, അബ്ബാ മോഹൻ, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീഴിൽ ചെറുകര ഷംസ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കരോക്കേ ഗാനാവതരണത്തിന് തോപ്പിൽ ലത്തീഫ് നേതൃത്വം നൽകി. ഡി.മുരളീധരൻ നയിച്ച കവിയരങ്ങ് ജയചന്ദ്രൻ തൊടിയൂർ ഉദ്ഘാടനം ചെയ്തു. നാടകശാലാ മാഗസിന്റെ 52-ാം ലക്കം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗത്തിന് നൽകി എവർ മാക്സ് ബഷീർ പ്രകാശനം ചെയ്തു. രത്നമ്മ ബ്രാഹ്മ മുഹൂർത്തം നന്ദി പറഞ്ഞു.