വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധമാർച്ചും ധർണയും
കൊട്ടാരക്കര: പെൻഷൻകാരോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വിരമിച്ച ജീവനക്കാർ താലൂക്കോഫീസിന് മുന്നിൽ കൂട്ടധർണ നടത്തി. പെൻഷൻ അരിയർ ഉടൻ അനുവദിക്കുക, ഡി.എ കുടിശ്ശിക വിതരണം ചെയ്യുക, മെഡിസെപ്പ് പരിഷ്കരിക്കുക, പുതിയ ശമ്പള കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റിട്ട. പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട മാർച്ച് താലൂക്കോഫീസിന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വരദരാജൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രവികുമാർ, രവീന്ദ്രൻനായർ, റഹിം റാവുത്തർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി ജമാലുദ്ദീൻകുഞ്ഞ്, കൊല്ലം സിറ്റി സെക്രട്ടറി വാക്കനാട് വിജയൻ, മേഖലാ പ്രസിഡന്റ് ചന്ദ്രബാബു, മേഖലാ സെക്രട്ടറി രജിത്കുമാർ, ജില്ലാ ട്രഷറർ ഷാജി മത്തായി ജില്ലാ സെക്രട്ടറി തേവലപ്പുറം ശ്രീകുമാർ എന്നിവർ സംസാരിച്ചു.