മകരവിളക്ക്: ക്രമീകരണം ഫലപ്രദമെന്ന് വിലയിരുത്തൽ
കൊച്ചി: ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും ഹൈക്കോടതിയെ അറിയിച്ചു. മകരജ്യോതി വ്യൂപോയിന്റുകളിലും സുരക്ഷയൊരുക്കി. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11ന് നിലയ്‌ക്കലും ഉച്ചക്ക് 12ന് പമ്പയിലും തീർത്ഥാടകർക്ക് നിയന്ത്രണമുണ്ടാകും. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. ആൾക്കൂട്ട നിയന്ത്രണം ഇതുവരെ ഫലപ്രദമാണെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് വിജു എബ്രഹാം എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിലയിരുത്തി.
കുടിവെള്ള വിതരണം തടസപ്പെടില്ലെന്ന് ജല അതോറിട്ടിയും ബസ് സർവീസുകൾ സുഗമമായി നടത്തുമെന്ന് കെ.എസ്.ആർ.ടി.സിയും ഉറപ്പുനൽകി. അതേസമയം,ഹോട്ടലുകളുമായി ബന്ധപ്പെട്ട് പരാതികൾ തുടരുകയാണ്. സന്നിധാനത്ത് മാത്രം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ 1,06,000 രൂപ പിഴയിട്ടു. കച്ചവടക്കാർ തീർത്ഥാടകരെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ തുടർച്ചയായ പരിശോധന തുടരണമെന്ന് ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു.