വാടകയ്ക്ക് വീടും കടയും എടുക്കുന്നവർ പ്രതിസന്ധിയിലാകും,​ കാരണം സർക്കാരിന്റെ ഈ തീരുമാനം

Tuesday 14 January 2025 1:54 AM IST

കോഴിക്കോട് : ഇ സ്റ്റാമ്പിംഗിലെ അനിശ്ചിതത്വം അവസാനിച്ചില്ല,​​ മുദ്രപത്രം കിട്ടാതെ ജനം നെട്ടോട്ടത്തിൽ. അടിക്കടിയുണ്ടാവുന്ന സോഫ്റ്റ് വെയർ അപ്ഡേറ്റുകളും നെറ്റ് വർക്കിന്റെ ലഭ്യതക്കുറവും കാരണം ഇ സ്റ്റാമ്പിംഗ് പ്രതിസന്ധിയിലാകുമ്പോൾ മുദ്രപത്രത്തിന് ട്രഷറിയിലേക്കോടുകയാണ് ജനം. എന്നാൽ ഇവിടെയുള്ളതാകട്ടെ 500ന്റെയും 1000 രൂപയുടെയും മുദ്രപത്രങ്ങൾ മാത്രം. 50, 100 രൂപയുടെ മുദ്രപത്രത്തിനാണ് കടുത്ത ക്ഷാമം നേരിടുന്നത്. ഇതുമൂലം 500ന്റെയും 1000 ത്തിന്റെയും മുദ്രപത്രങ്ങൾ വാങ്ങി ചെറിയ ആവശ്യത്തിന് വലിയ തുക നഷ്ടമാക്കേണ്ട സ്ഥിതിയാണ്. 2025 മാർച്ച് 31 വരെ ട്രഷറികളിലും വെണ്ടർമാരുടെ കെെയിലുമുള്ള പഴയ മുദ്രപത്രങ്ങൾ വിൽക്കാമെന്ന സർക്കാർ ഉത്തരവുള്ളതാണ് ഏക ആശ്വാസം.

നേരത്തെ മുദ്രപത്രം വാങ്ങിക്കുന്ന സമയത്ത് വാങ്ങിക്കുന്നയാളിന്റെ പേരും, ഫോൺ നമ്പറും മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ എന്താണ് ആവശ്യം, കരാറിൽ ഏർപ്പെടുന്ന ആളുകളുടെ വിവരങ്ങളും രേഖപ്പെടുത്തണം. ഇതിന് കുറേകൂടി സമയം ആവശ്യമായതിനാൽ ഓഫീസുകളിൽ തിരക്കുണ്ടാവുന്നതിന് കാരണമാകുന്നെന്നാണ് വെണ്ടർമാർ പറയുന്നത്. വാടക കരാറുകൾക്കുള്ള മുദ്രപത്രങ്ങൾ 200, 500 എന്നീ വിലകളിൽ ലഭ്യമായിരുന്നു. ഇപ്പോൾ സോഫ്റ്റ്‌ വെയർ സംവിധാനം വന്നതോടെ 500 രൂപ മുതൽ മുകളിലോട്ടുള്ള തുകയ്ക്കാണ് ഇ- മുദ്ര പേപ്പറുകൾ ലഭ്യമാക്കുന്നത്. ഇതും ആവശ്യക്കാർക്ക് വെല്ലുവിളിയാവുകയാണ്.

സോഫ്റ്റ് വെയറിന്റെ ഉപയോഗം:

പരിചയക്കുറവ് വെല്ലുവിളി

വെണ്ടർമാരിൽ ഏറെയും പ്രായമുള്ളവരാണ്. ഓൺലെെൻ സംവിധാനത്തെക്കുറിച്ച് പലർക്കും ധാരണക്കുറവുണ്ട്. സ‌ർക്കാർ തലത്തിൽ ഇതിനായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇനിയും പരിശീലന ക്ലാസുകൾ സംഘടിപ്പിക്കണമെന്നാണ് വെണ്ടർമാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. നെറ്റ് വർക്കിലെ പ്രശ്നങ്ങൾ കാരണം ഇ- സ്റ്റാമ്പിംഗിനായി ഒ.ടി.പി ജനറേറ്റ് ചെയ്യുന്നതിലും പ്രതിസന്ധികൾ നിലനിൽക്കുന്നു. സോഫ്റ്റ് വെയറിലെ ഇടക്കിടെയുള്ള അപ്ഡേറ്റുകളും പ്രതിസന്ധിയാകുന്നുണ്ട്.

ഒരേ വിലയുടെ മുദ്രപത്രങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ ഇ- സ്റ്റാമ്പിംഗ് വന്നതോടെ രജിസ്റ്റർ ചെയ്യുന്ന സമയത്ത് രേഖപ്പെടുത്തുന്ന ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

''ഇ- സ്റ്റാമ്പിംഗിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ധനമന്ത്രിയെ കണ്ടിരുന്നു. സോഫ്റ്റ് വെയറിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

- ടി.പി പ്രഭാകരൻ, കേരള സ്റ്റാമ്പ് വെണ്ടേഴ്സ് അസോ. സംസ്ഥാന ട്രഷറർ