ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ പൂക്കളുമായി സ്ത്രീകൾ, ജയിലിന് മുമ്പിൽ ആരാധകരുടെ പ്രവാഹം

Tuesday 14 January 2025 4:45 PM IST

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ സ്ത്രീകളടക്കമുള്ള ആരാധകരുടെ പ്രവാഹം. കാക്കനാട് ജില്ലാ ജയിലിന് മുമ്പിലാണ് സ്ത്രീകളടക്കമുള്ളവർ തടിച്ചുകൂടിയത്. പൂക്കളടക്കം കയ്യിലേന്തിയാണ് പലരും അവിടെ എത്തിയത്. കൂട്ടത്തിൽ ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരുമുണ്ട്.

ഇവരെ കൂടാതെ മെൻസ് അസോസിയേഷന്റെ ഭാരവാഹികളും ബോബിയെ സ്വീകരിക്കാൻ വേണ്ടിയെത്തിയിട്ടുണ്ട്. കോടതിയിൽ നിന്നുള്ള ജാമ്യ ഉത്തരവ് ജയിലിൽ എത്തിയാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ബോബി പുറത്തിറങ്ങും. ഇന്ന് രാവിലെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകേണ്ടതുണ്ട്.

ഹണി റോസിനെതിരായ ജാമ്യ ഹർജിയിൽ പറഞ്ഞ കാര്യങ്ങൾ ബോബി ചെമ്മണ്ണൂർ പിൻവലിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ആറാം നാളാണ് ബോബി പുറത്തിറങ്ങുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അദ്ദേഹം എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. ഹർജി വായിക്കുമ്പോൾ തന്നെ ഹണി റോസിനെതിരായി നടത്തിയ ചില പ്രയോഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങൾ എല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബി രാമൻപിള്ള കോടതിയെ അറിയിച്ചു.