നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ അവഹേളനം; 19കാരി നവവധു ജീവനൊടുക്കി

Tuesday 14 January 2025 7:29 PM IST

മലപ്പുറം: നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാന മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയിൽ പറയുന്നത്.

വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. ശേഷം ഭർത്താവ് ഗൾഫിൽ തിരിച്ച് പോയി. അവിടെ പോയശേഷം നിരന്തരം പെൺകുട്ടിയെ ഫോണിൽ വിളിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന.