യു.ജി.സി അതിര് കടക്കുന്നു;മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗവും സർവകലാശാലകളും മികവിന്റെ പാതയിലൂടെ മുന്നേറുമ്പോൾ, കേന്ദ്ര സർക്കാരും യു.ജി.സിയും അവയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ജി.സി എല്ലാ അതിരുകളും ലംഘിക്കുകയാണ്. സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന യു.ജി.സി നിയന്ത്രണങ്ങൾ ആശങ്കയും നിരാശയും ഉണർത്തുന്നതാണെന്നും ഉന്നത വിദ്യാഭ്യാസ കോൺക്ളേവ് ഉദ്ഘാടനം ചെയ്ത അദ്ദേഹം കുറ്റപ്പെടുത്തി.
യു.ജി.സി ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. യു.ജി.സി നിയന്ത്രണങ്ങൾ സർവകലാശാലകളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തും. അദ്ധ്യാപക നിയമനങ്ങൾക്കും മറ്റും മിനിമം യോഗ്യതകൾ ഏർപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ല, അത്തരം നിയന്ത്രണങ്ങൾ പൂർണമായും പാലിക്കും. യു.ജി.സി അതിരുകൾ ലംഘിക്കുന്നത് അസ്വീകാര്യമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ പത്ത് സർവകലാശാലകൾക്ക് 1,830 കോടി രൂപ ലഭ്യമാക്കി. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി 3,000 കോടിയും അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്ര പരിഷ്‌കാരം ലക്ഷ്യമിട്ടു രൂപം നൽകിയ മൂന്ന് കമ്മിഷനുകൾ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നു. നാലുവർഷ ബിരുദ പ്രോഗ്രാം ഉൾപ്പെടെയുള്ള പദ്ധതികൾ അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയായി. സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ. രാമചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇഷിതാ റോയ് എന്നിവർ പ്രഭാഷണം നടത്തി. നൊബേൽ ജേതാവ് പ്രൊഫ. ആദ യോനാഥ് , സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. എം ജുനൈദ് ബുഷിറി, മുൻ വൈസ് ചാൻസലർ പ്രൊഫ പി.ജി. ശങ്കരൻ എന്നിവർ പങ്കെടുത്തു.