വയനാട് ദുരന്തത്തിൽ കാണാതായ 32പേരെ  മരിച്ചതായി  കണക്കാക്കും

Wednesday 15 January 2025 12:43 AM IST

തിരുവനന്തപുരം/തൃശൂർ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ 32 പേർ മരിച്ചതായി കണക്കാക്കുമെന്ന് മന്ത്രി കെ.രാജൻ തൃശൂരിൽ പറഞ്ഞു.

കുടുംബങ്ങൾക്ക് ധനസഹായവും വീടും ഉൾപ്പെടെയുള്ളവ നൽകണമെങ്കിൽ മരിച്ചതായി കണക്കാക്കണം. അതിന് ഔദ്യോഗിക സ്ഥിരീകരണം വേണം.

ഇതിനായി പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലും രണ്ട് സമിതികൾ രൂപീകരിച്ച് ഉത്തരവിറങ്ങി.

കാണാതായവരുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ വിശദാംശങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥർ ശേഖരിക്കണം. എഫ്.ഐ ആർ പരിശോധിച്ച് തയ്യാറാക്കുന്ന പ്രത്യേക അന്വേഷണ റിപ്പോർട്ടിൽ കാണാതായ വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് രേഖപ്പെടുത്തണം.

ഇതിന്റെ അടിസ്ഥാനത്തിൽ

വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ഉൾപ്പെട്ട പ്രാദേശിക സമിതി കാണാതായവരുടെ പട്ടിക തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി വ്യക്തമായ ശുപാർശ സഹിതം സംസ്ഥാന തല സമിതിക്ക് കൈമാറണം. ഈ പട്ടിക സൂക്ഷ്മപരിശോധന നടത്തുന്നത് സംസ്ഥാനതല സമിതിയാണ്.

അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം), പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂവും ദുരന്തനിവാരണവും), പ്രിൻസിപ്പൽ സെക്രട്ടറി(തദ്ദേശസ്വയംഭരണം) എന്നിവരാണ് അംഗങ്ങൾ. സംസ്ഥാനതല സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷം മരണ സർട്ടിഫിക്കറ്റ് കുടുംബാംഗങ്ങൾക്ക് നൽകും. ഇതിനുശേഷമാകും ധനസഹായം, വീട് എന്നിവ നൽകാനുള്ള നടപടി തുടങ്ങുക. ജനുവരി മാസത്തോടെ ആദ്യഘട്ടം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.സാധാരണ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ ഏഴ് വർഷം വരെ കാത്തിരിക്കണമെന്നാണ്ചട്ടം.

നടപടികൾ

# കാണാതായ വ്യക്തിയെ സംബന്ധിച്ച പ്രഥമ വിവര റിപ്പോർട്ട് ഏറ്റവുമടുത്ത ബന്ധു വ്യക്തി താമസിച്ചിരുന്ന പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്യണം.

# കാണാതായ വ്യക്തിയെ സംബന്ധിച്ച് അടുത്ത ബന്ധു നൽകിയതും നോട്ടറി പബ്ളിക് സാക്ഷ്യപ്പെടത്തിയതുമായ സത്യവാങ്മൂലം സ്ഥിരരേഖയായി സൂക്ഷിക്കണം.

# കാണാതായ വ്യക്തിയെക്കുറിച്ച് തഹസീൽദാർ/ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വിശദമായ അന്വേഷണം നടത്തണം.

# അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തഹസീൽദാർ/ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കാണാതായ വ്യക്തി മരണപ്പെട്ടതായുള്ള താത്കാലിക നിഗമനം സംബന്ധിച്ച് കാര്യകാരണ സഹിതം ഉത്തരവ് പുറപ്പെടുവിക്കണം.

# ആക്ഷേപാഭിപ്രായങ്ങൾ സമർപ്പിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കണം.