ജയിലിന് പുറത്ത് നാടകീയ രംഗങ്ങൾ; മോചനത്തിന് പിന്നാലെ പടക്കം പൊട്ടിക്കാൻ ശ്രമം, പിടിച്ചുവാങ്ങി പൊലീസ്
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ജാമ്യം കിട്ടി വ്യവസായി ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയതിന് പിന്നാലെ ജയിലിന് മുന്നിൽ നാടകീയ രംഗങ്ങൾ. ജാമ്യം ആഘോഷിക്കാൻ ഓൾ കേരള മെൻസ് അസോസിയേഷൻ ശ്രമിച്ചു. കാക്കനാട് ജയിലിൽ നിന്ന് ബോബി പുറത്തിറങ്ങിയതിന് പിന്നാലെ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിക്കാനാണ് ശ്രമം നടത്തിയത്. ഇത് പൊലീസ് തടഞ്ഞതോടെ ജയിൽ പരിസരത്ത് നേരിയ സംഘർഷാവസ്ഥ ഉണ്ടായി.
നിരവധി പേർ ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നു. മാദ്ധ്യമപ്രവർത്തകരെ ബോബിയുടെ ആരാധകർ പിടിച്ചുതള്ളി. ജയിലിന് പുറത്ത് ബോബി അനുകൂലികൾ ജയ് വിളിക്കുകയും ചെയ്തു. പടക്കം പൊലീസ് പിടിച്ചെടുത്തു. നാടകീയ രംഗങ്ങൾക്ക് ശേഷമാണ് എല്ലാവരും ജയിലിന് മുന്നിൽ നിന്ന് പിരിഞ്ഞ് പോയത്. ബോബിക്കൊപ്പം പോയി പടക്കം പൊട്ടിക്കുമെന്ന് പറഞ്ഞാണ് ആരാധകർ പിരിഞ്ഞത്.
ഇന്നലെ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്തതിന് അതിരൂക്ഷ വിമർശനമാണ് ബോബിക്കെതിരെ ഹെെക്കോടതി നടത്തിയിരിക്കുന്നത്. കേസ് പരിഗണിക്കുകയും ജാമ്യം റദ്ദാവുകയും ചെയ്യുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് അഭിഭാഷകർ പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ഇന്ന് ബോബിയെ പുറത്തിറക്കിയത്. ജാമ്യവുമായി ബന്ധപ്പെട്ട നടപടികൾക്കായി ഇന്നുരാവിലെയാണ് അധികൃതർ തന്നെ സമീപിച്ചതെന്നാണ് ബോബിയുടെ വാദം. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും ബോബി വ്യക്തമാക്കി.