ചാമ്പ്യൻസ് ‌ട്രോഫിയ്‌ക്ക് മുൻപേ ഇന്ത്യയ്‌ക്ക് വൻ തിരിച്ചടി, പരിക്കേറ്റ ബുംറയ്‌ക്ക് ബെഡ് റെസ്‌റ്റിന് നിർദ്ദേശം

Wednesday 15 January 2025 7:58 PM IST

മുംബയ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയ്‌ക്ക് ഒരുമാസം മാത്രം അവശേഷിക്കെ ഇന്ത്യയ്‌ക്ക് ഭീഷണിയായി ബുംറയുടെ ആരോഗ്യനില. ഫെബ്രുവരി മാസത്തോടെ പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന മത്സരങ്ങളിൽ ബുംറ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയായിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പരിക്കിൽ നിന്ന് ഭേദമാകാൻ ബുംറയ്‌ക്ക് പരിപൂർ‌ണ വിശ്രമം ആവശ്യമാണ്. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുകയും 32 വിക്കറ്റുകളും നേടിയ ബുംറ പരമ്പരയിലെ താരമായിരുന്നു. ഐസിസിയുടെ ഡിസംബർ മാസത്തിലെ പ്ളെയർ‌ ഓഫ് ദി മന്ദും ബുംറയാണ്.

ഇത്തരത്തിൽ മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് അവസാന ടെസ്‌റ്റിൽ ബുംറ പരിക്കിന്റെ നിഴലിലായത്. പേശിവേദനയും നീർവീക്കവുമാണ് ബുംറയെ ബാധിച്ച പ്രശ്‌നം. വീട്ടിൽതന്നെ ബെഡ്‌റെസ്റ്റ് ആണ് ബുംറയ്‌ക്ക് ഡോക്‌ടർമാർ നിർദ്ദേശിച്ചത്. ബുംറയുടെ പ്രശ്‌നം അതിവേഗം പരിഹരിക്കാൻ ബിസിസിഐ ധൃതികാട്ടില്ല എന്നാണ് വിവരം. ഇംഗ്ളണ്ട് പരമ്പരയ്‌ക്ക് ബുംറ ഇല്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നിലവിൽ ബുംറയുടെ പരിക്ക് ഭേദമാകാൻ വിചാരിച്ചതിലും കൂടുതൽ സമയമെടുക്കും എന്നാണ് വിവരം. ബിസിസിഐയുടെ ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിൽ ബുംറ എത്തേണ്ടതുണ്ടെങ്കിലും അത് എന്നാണ് എന്ന് വ്യക്തമായിട്ടില്ല.

മറ്റൊരു മുൻനിര പേസ്ബൗളറായ മൊഹമ്മദ് ഷമി ദീർഘനാളായി പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഇംഗ്ളണ്ട് പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം അദ്ദേഹം ചേരും. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 20ന് ബംഗ്ളാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.