കെ.എസ്.ആർ.ടി.സി : വെടക്കാക്കി തനിക്കാക്കാൻ സ്വകാര്യ ബസ് ലോബി
തിരുവനന്തപുരം: നേരത്തെ തയ്യാറാക്കിയ തിരക്കഥ പോലെയാണ് സ്വകാര്യ മേഖലയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകൾ ഉൾപ്പെടെ കൈമാറാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ആദ്യം തന്നെ ഇതിന്റെ ആദ്യ സീനുകൾ അരങ്ങേറി കഴിഞ്ഞിരുന്നു. അന്നൊന്നും അതിന്റെ ലക്ഷ്യം ആർക്കും മനസിലായില്ലെന്നു മാത്രം.
നടപ്പിലായ തിരക്കഥ ഇങ്ങനെ: തിരഞ്ഞെടുക്കുന്ന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ഗതാഗത ക്ലേശം ഫലം. ബസ് സർവീസിനു വേണ്ടി ജന പ്രതിനിധികളിൽ നിന്നുൾപ്പെടെ മുറവിളി ഉയരുന്നു. പ്രശ്ന പരിഹാരത്തിന് ജനകീയ സദസെന്ന പേരിൽ ജനപ്രതിനിധികളെ വിളിച്ച് യോഗം ചേരുന്നു. സ്വകാര്യബസ് ഉടമകളെയും ക്ഷണിക്കും. പക്ഷെ, കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കും. ആവശ്യമുളള റൂട്ടുകൾ ഏറ്റെടുക്കാമെന്ന് ബസ് ഉടമകൾ യോഗത്തിൽ അറിയിക്കും..
കളികൾ
വേറെയും
കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ പലതും ഫാസ്റ്റ് സർവീസുകളാക്കി. യാത്രാക്കൂലി കൂടും. പ്രൈവറ്റ് ബസുകളെല്ലാം ഓർഡിനിറിയായതിനാൽ യാത്രക്കാരന് ലാഭം അതാണ്. കുറച്ചു കാത്തു നിന്നാലും പ്രൈവറ്റ് ബസുള്ള റൂട്ടാണെങ്കിൽ യാത്രക്കാർ അതിൽ കയറും കെ.എസ്.ആർ.ടി.സി ബസിന്റെ വരുമാനം കുറയും. പിന്നെ സർവീസ് കട്ട് ചെയ്യാൻ വേറെ കാരണം വേണ്ട. വരുമാന നേട്ടമുണ്ടാക്കിയിരുന്ന സർക്കുലർ സർവീസുകൾ പലതും വെട്ടിക്കുറച്ചത് സ്വകാര്യന്മാർക്ക് വഴിയൊരുക്കാനായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനാ നേതാക്കളും ആരോപിക്കുന്നു.