പാലക്കാട് സ്മാർട് സിറ്റി: മൂന്നാംഘട്ടം സ്ഥലമേറ്റെടുപ്പ് അതിവേഗം
പാലക്കാട്: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാടിന് അനുവദിച്ച സ്മാർട്ട് സിറ്റിയുടെ മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു. പുതുശ്ശേരി സെൻട്രൽ വില്ലേജിൽ 200ലേറെ ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. സെപ്തംബറിൽ സ്ഥലംസന്ദർശിച്ച വ്യവസായ മന്ത്രി പി.രാജീവ് സ്ഥലമേറ്റെടുക്കൽ ഡിസംബറോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇനിയും പൂർത്തിയായിട്ടില്ല. അതേസമയം, സ്ഥലം ഏറ്റെടുപ്പിലോ പദ്ധതി പ്രാവർത്തികമാക്കുന്നതിലോ കാലതാമസമില്ലെന്നും നിശ്ചയിച്ച രീതിയിൽത്തന്നെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും കിൻഫ്ര അധികൃതർ വ്യക്തമാക്കി. പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര വില്ലേജുകളിലായി 1,710 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കുള്ള സ്ഥലം പൂർണമായി ഏറ്റെടുത്തുനൽകുന്നത് സംസ്ഥാനസർക്കാരാണ്. 240 കോടിയോളം രൂപയാണ് ശേഷിക്കുന്ന ഏറ്റെടുക്കലിന് മാറ്റിവെച്ചത്. ഈ തുക അനുവദിക്കാനുള്ള ശുപാർശ സംസ്ഥാനസർക്കാരിലേക്ക് നൽകി. തുക ജനുവരിയിൽത്തന്നെ അനുവദിച്ചേക്കും. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കലിന് ആകെ 1844 കോടിയാണ് ചെലവ്.
ഒന്നുംരണ്ടും ഘട്ടം സ്ഥലമേറ്റെടുപ്പിന്റെ നഷ്ടപരിഹാരത്തുക ഏകദേശം പൂർണമായി നൽകി കഴിഞ്ഞു. പദ്ധതി നടത്തിപ്പിന് ആദ്യഘട്ടമായി കേന്ദ്ര സർക്കാരിൽ നിന്ന് 100 കോടിരൂപ ലഭിച്ചു. പദ്ധതി നടപ്പാക്കാനും മേൽനോട്ടത്തിനുമുള്ള കൺസൾട്ടൻസിക്ക് ഡിസംബറിൽ തന്നെ അപേക്ഷ ക്ഷണിച്ചു. ഇതിന്റെ അവസാന തീയതി ഈ മാസത്തോടെ അവസാനിക്കും. ഫെബ്രുവരിയിൽ കൺസൾട്ടൻസി കമ്പനിയെ തിരഞ്ഞെടുക്കും. മാർച്ചിൽ കരാറിനുള്ള ദർഘാസ് ക്ഷണിക്കും. പദ്ധതിനടത്തിപ്പിന് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ഐ.സി.ഡി.സി.) എന്ന പ്രത്യേകോദ്ദേശ്യ കമ്പനി രൂപവത്കരിച്ചിട്ടുണ്ട്.
പുതുശ്ശേരി സെൻട്രലിൽ (ഭൂമി ഏക്കറിൽ)
672.7 - വ്യവസായം.
420 - ഫാർമസ്യൂട്ടിക്കൽ
96.5 - ഹെടെക്
42.3 - നോൺ മെറ്റാലിക് മിനറൽസ്
54.3 - ടെക്സ്റ്റൈൽസ്
59.6 - റീസൈക്ക്ളിംഗ്
134.4 - റോഡുകൾ
64.76 - താമസത്തിന്
27 - അടിസ്ഥാന സൗകര്യം
12.48 വാണിജ്യം
പുതുശ്ശേരി വെസ്റ്റിൽ
130.19 വ്യവസായം.
64.46 ഫുഡ് ആൻഡ് ബിവറേജസ്
52.94 ഫാബ്രിക്കേറ്റഡ് മെറ്റൽ പ്രൊഡക്ടുകൾ
12.79 റീസൈക്കിളിംഗിന്
34.39 റോഡുകൾ
കണ്ണമ്പ്രയിൽ
169.67 വ്യവസായം
107.34 ഫുഡ് ആൻഡ് ബിവറേജസ്
20.1 നോൺ മെറ്റാലിക് മിനറൽ
30.67 റബ്ബർ, പ്ലാസ്റ്റിക്
11.56 റീസൈക്ക്ളിംഗ്
125 ഏക്കർ ഗ്രീൻ ബെൽറ്റ്
പരിസ്ഥിതി സൗഹൃദ വികസനമാവും. പുതുശ്ശേരി സെൻട്രലിൽ 60.94 ഏക്കറും വെസ്റ്റിൽ 35.06 ഏക്കറും കണ്ണമ്പ്രയിൽ 30.75 ഏക്കറും ഗ്രീൻബെൽറ്റിനായി ബഫർ സോൺ.