നവവധുവിന്റെ ആത്മഹത്യ ബോഡി ഷെയ്‌മിംഗിനെതിരായ വകുപ്പുകളും ഉൾപ്പെടുത്തിയേക്കും

Thursday 16 January 2025 4:28 AM IST

മലപ്പുറം: നിറത്തിന്റെ പേരിൽ ഭർത്താവിൽ നിന്ന് നേരിട്ട അവഹേളനത്തിൽ മനംനൊന്ത് നവവധു സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് ബന്ധുക്കളുടെ വിശദ മൊഴിയെടുത്തു. കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെ മകൾ ഷഹാന മുംതാസാണ് (19) ചൊവ്വാഴ്ച തൂങ്ങിമരിച്ചത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. ബോഡി ഷെയ്‌മിംഗിനെതിരെ ഹൈക്കോടതി കർശന നിലപാടെടുത്ത പശ്ചാത്തലത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് പൊലീസ്.

അബുദാബിയിൽ ജോലി ചെയ്യുന്ന ഭർത്താവ് കിഴിശ്ശേരി പൂന്തലപ്പറമ്പ് സ്വദേശി അബ്ദുൽ വാഹിദിനെ നാട്ടിലെത്തിച്ചേക്കും. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി.സേതു അറിയിച്ചു.

കഴിഞ്ഞ മേയ് 27നായിരുന്നു ഷഹാനയുടെ നിക്കാഹ്. ജൂൺ 24ന് വാഹിദ് ഗൾഫിലേക്ക് തിരിച്ചുപോയി. ഒരാഴ്ചയ്ക്ക് ശേഷം നിറത്തിന്റെയും ഇംഗ്ലീഷ് അറിയില്ലാത്തതിന്റെയും പേരിൽ ഫോണിൽ വിളിച്ച്, നിരന്തരം മാനസികമായി പീഡിപ്പിച്ചു. ബന്ധു മുഖേനയാണ് വാഹിദിന്റെ കല്യാണാലോചന എത്തുന്നത്. ആദ്യം വീട്ടുകാരും ഗൾഫിൽ നിന്നെത്തിയശേഷം വാഹിദും ഷഹാനയെ വീട്ടിലെത്തി കണ്ട് ഇഷ്ടപ്പെട്ടു. ഇതിനുശേഷം രണ്ടുതവണ ഷഹാനയെ വാഹിദ് വീട്ടിലെത്തി കണ്ടിരുന്നു.

നിക്കാഹിനുശേഷം വയനാട്ടിലേക്ക് ടൂർ പോവുകയും ഷഹാനയുടെ വീട്ടിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഷഹാനയുടെ ജന്മദിനത്തിൽ സർപ്രൈസ് ഗിഫ്റ്റുകളും നൽകിയിരുന്നു. അപ്പോഴൊന്നും പ്രശ്‌നം ഉന്നയിച്ചിരുന്നില്ല. ഭർത്താവിന്റെ അപ്രതീക്ഷിത മനംമാറ്റവും മൊഴി ചൊല്ലണമെന്ന ഭർതൃവീട്ടുകാരുടെ നിലപാടും ഷഹാനയെ മാനസികമായി തളർത്തി. ദിവസങ്ങൾക്കുമുമ്പ് കൈത്തണ്ടയിൽ മുറിവുണ്ടാക്കി ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. ഗൾഫിലുള്ള പിതാവ് എത്തിയ ശേഷം ഇന്നലെ കൊണ്ടോട്ടി പഴയങ്ങാടി ജമാഅത്ത് പള്ളിയിൽ ഷഹാനയുടെ മൃതദേഹം ഖബറടക്കി.

വനിതാകമ്മിഷൻ കേസെടുത്തു

യുവതിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് വനിതാകമ്മിഷൻ. ഇതുസംബന്ധിച്ച പൊലീസ് റിപ്പോർട്ടും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.