പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്പന വേഗത്തിലാക്കുന്നു

Thursday 16 January 2025 12:24 AM IST

വിപണിയിൽ നിന്ന് 10,000 കോടി സമാഹരിക്കുന്നു

കൊച്ചി: ഓഹരി വില്പനയിലൂടെ വിപണിയിൽ നിന്ന് 10,000 കോടി രൂപ സമാഹരിക്കാൻ അഞ്ച് പൊതുമേഖല ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയ്ക്കാണ് ക്വാളിഫൈഡ് ഇൻസ്‌റ്റിറ്റ്യൂഷണൽ ഇൻവെസ്‌റ്റ്മെന്റ്, ഓഫർ ഫോർ സെയിൽ എന്നിവയിലൂടെ രണ്ടായിരം കോടി രൂപ വീതം സമാഹരിക്കാൻ പച്ചക്കൊടി കിട്ടിയത്. അടുത്ത സാമ്പത്തിക വർഷം മുതൽ വിവിധ ഘട്ടങ്ങളായാണ് ഓഹരികൾ വിറ്റഴിക്കുന്നത്. ബാങ്കുകളിൽ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഓഫർ ഫോർ സെയിൽ നടത്തുന്നത്.

അടുത്ത വർഷം ആഗസ്റ്റോടെ പൊതുമേഖല ബാങ്കുകളിലെ സ്വകാര്യ നിക്ഷേപ പങ്കാളിത്തം 25 ശതമാനമായി ഉയർത്തണമെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ നിബന്ധന പാലിക്കാനാണ് ഓഹരി വില്പനയിലൂടെ ലക്ഷ്യമിടുന്നത്.

സർക്കാർ പങ്കാളിത്തം കുറയും

നിലവിൽ ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ കേന്ദ്ര സർക്കാരിന് 79.6 ശതമാനം ഓഹരികളാണുള്ളത്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 98.25 ശതമാനവും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 96.38 ശതമാനവും യൂകോ ബാങ്കിൽ 95.39 ശതമാനവും സെൻട്രൽ ബാങ്കിൽ 93.08 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.