രണ്ട് പതിറ്റാണ്ട് പിന്നിട്ട് കവിയൂർ കേസ്, നേരറിയാതെ സി.ബി.ഐ
തിരുവല്ല : ഏറെ കോളിളക്കം സൃഷ്ടിച്ച കവിയൂർ കേസിന്റെ അന്വേഷണം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളായി അവശേഷിക്കുന്നു. നമ്പൂതിരി കുടുംബത്തിന്റെ കൂട്ട ആത്മഹത്യയും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതും വി.ഐ.പി ബന്ധങ്ങളുമെല്ലാം ഏറെക്കാലം ചർച്ച ചെയ്‌തെങ്കിലും പ്രതികളെ കണ്ടെത്താൻ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിക്ക് പോലും സാധിച്ചില്ല.
കണ്ണൂർ സ്വദേശിയും പൂജാരിയുമായ നാരായണൻ നമ്പൂതിരിയും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം കൂട്ട ആത്മഹത്യ ചെയ്‌തനിലയിൽ കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. കവിയൂർ മഹാദേവക്ഷേത്രത്തിന് സമീപത്ത് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വെങ്കിടശ്ശേരിൽ വീട്ടിൽ 2004 സെപ്തംബർ 28നാണ് കേസിനാസ്പദമായ സംഭവം. നാരായണൻ നമ്പൂതിരിയെ തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭന, മൂത്തമകൾ അനഘ, ഇളയമകൾ അഖില, മകൻ അക്ഷയ് എന്നിവരെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും ഒട്ടനവധി സംശയങ്ങൾ ബാക്കിയാണ്.
ലതാനായരുടെ വരവ്
കിളിരൂർ പീഡനക്കേസിലെ മുഖ്യപ്രതിയായ ലതാനായർക്ക് കവിയൂരിൽ മരിച്ച കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. അങ്ങനെ കിളിരൂർ കേസ് പോലെ കവിയൂരിലെ പീഡനത്തിലും വി.ഐ.പി എന്ന ആരോപണം ഉയർന്നു. ഇവരുടെ വീട്ടിൽ ലതാനായർ താമസിച്ചെന്നുള്ള വാർത്ത പ്രചരിക്കുകയും ഗൃഹനാഥനെ പൊലീസ് ചോദ്യം ചെയ്തതും വലിയ നാണക്കേടായി. ഇതിലുള്ള മനോവിഷമം അഞ്ചംഗ കുടുംബത്തിന്റെ കൂട്ടമരണത്തിന്റെ കാരണമായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസിലെ ഏക പ്രതിയാക്കി ലതാനായരെ അറസ്റ്റുചെയ്തു.
അനഘയെ പീഡിപ്പിച്ചതാര് ?
നമ്പൂതിരിയുടെ മൂത്തമകൾ പതിനഞ്ചുകാരിയായ അനഘ നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ലതാനായർ സിനിമയിൽ അവസരം വാഗ്ദാനംചെയ്തു പെൺകുട്ടിയെ ഉന്നത രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും കാഴ്ചവെച്ചു എന്നായിരുന്നു നാരായണൻ നമ്പൂതിരിയുടെ കുടുംബം ആരോപിച്ചിരുന്നത്. അതുകൊണ്ടുതന്നെ തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ മൂത്തമകൾ അനഘ ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ടിരുന്നതായും സ്വന്തം പിതാവാണ് അനഘയെ പീഡിപ്പിച്ചതെന്നും കോടതിയിൽ റിപ്പോർട്ട് നൽകി. മരണത്തിന് തൊട്ടുമുമ്പുള്ള 72 മണിക്കൂറിനിടെയാണ് ഏറ്റവും ഒടുവിൽ പീഡിപ്പിക്കപ്പെട്ടത്. പക്ഷേ ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താൻ ഒരു തെളിവുമില്ല. ശരീരത്തിൽ നിന്ന് കണ്ടെടുത്ത പുരുഷബീജം തുടക്കത്തിൽ തന്നെ ഡി.എൻ.എ പരിശോധന നടത്താതിരുന്ന പൊലീസിന്റെ വീഴ്ചയാണ് തെളിവില്ലാതാകാൻ കാരണമെന്നും സി.ബി.ഐ പറയുന്നു.
മരണത്തിന് മുമ്പുള്ള 72 മണിക്കൂറിൽ പെൺകുട്ടി വീട്ടിൽ നിന്ന് പുറത്തുപോയിട്ടില്ല. അച്ഛനല്ലാതെ പുരുഷനായിട്ട് ആരും ഇവിടെ വന്നിട്ടില്ല. അതുകൊണ്ട് അച്ഛനെ സംശയിക്കാം. മാത്രവുമല്ല, അച്ഛൻ മോശമായി പെരുമാറുന്നൂവെന്ന് പെൺകുട്ടി പറഞ്ഞതായി സഹപാഠിയുടെ മൊഴിയുമുണ്ട്. ഈ സാഹചര്യ തെളിവുകൾ സി.ബി.ഐ കണ്ടെത്തിയെങ്കിലും ശാസ്ത്രീയ തെളിവുകൾ ചൂണ്ടിക്കാട്ടി കോടതി റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷിച്ച് കുഴഞ്ഞു സി.ബി.ഐ
ഒന്നര പതിറ്റാണ്ടോളം അന്വേഷിച്ച് സി.ബി.ഐ നാലുതവണ റിപ്പോർട്ട് നൽകി. സി.ബി.ഐ നടത്തിയ മൂന്നു അന്വേഷണത്തിലും പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛൻ നാരായണൻ നമ്പൂതിരിയാണെന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ നിലപാട് തിരുത്തി പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്നും കേസിൽ വി.ഐ.പികളുടെ പങ്കു കണ്ടെത്താനായില്ലെന്നുമുള്ള റിപ്പോർട്ടാണ് പിന്നീട് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചത്. ഇതോടെ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞതും ഉത്തരംകിട്ടാത്തതുമായ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചുമാണ് സി.ബി.ഐ നാലാമത്തെ അന്വേഷണറിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
കൂട്ടമരണം നടന്നിട്ട് ഇപ്പോൾ 20 വർഷമായി. ഭരണങ്ങൾ പലത് മാറി. അന്വേഷണ ഏജൻസികൾ പലത് വന്നു, കോടതികൾ പലതവണ ഇടപെട്ടു. എന്നിട്ടും ആരാണ് വി.ഐ.പി എന്നോ പീഡിപ്പിച്ചതാരെന്നോ കണ്ടെത്താനായില്ല.