അറസ്റ്റ് വൈകുന്നതിന് പിന്നിൽ ഉന്നത ബന്ധം, പതിനാറുകാരിയെ പീഡിപ്പിച്ച അഭിഭാഷകൻ എവിടെ ?

Thursday 16 January 2025 12:34 AM IST

പത്തനംതിട്ട : കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ 64 പേർ പീഡിപ്പിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴും പതിനാറുകാരിയെ ലൈംഗീക വൈകൃതങ്ങൾക്ക് ഇരയാക്കിയ അഭിഭാഷകനെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് സേനയ്ക്കാകെ നാണക്കേടാകുന്നു. ഇക്കഴിഞ്ഞ 20ന് ആറൻമുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയായ അഭിഭാഷകൻ ഒളിവിലാണ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയെ അറസ്റ്റു ചെയ്തത് മാത്രമാണ് അന്വേഷണത്തിലെ പുരോഗതി. പെൺകുട്ടിയെ അഭിഭാഷകൻ ബലം പ്രയോഗിച്ച് മദ്യം കൊടുത്ത് മയക്കി ക്രൂരമായി പീഡിപ്പിക്കുകയും വൈകൃതങ്ങൾക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കുകയും ചെയ്തെന്നായിരുന്നു കേസ്. പ്രതിക്കും അടുത്ത ബന്ധുക്കൾക്കും നിയമ മേഖലയിലും പൊലീസിന്റെ ഉന്നതതലത്തിലുമുള്ള ബന്ധമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. അതേസമയം അറസ്റ്റ് വൈകുന്നത് ശബരിമല ഡ്യൂട്ടി മൂലമുള്ള തിരക്ക് എന്നാണ് പൊലീസ് ഭാഷ്യം. ഇതേസമയത്താണ് കായികതാരം പീഡിപ്പിക്കപ്പെട്ട കേസിൽ 42 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴഞ്ചേരി, കുമ്പഴ, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്ജിൽ വച്ച് അഭിഭാഷകൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സൂചനയുണ്ട്. പീഡനത്തിന് എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തതിനാണ് പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവർ ഇതിനായി പ്രതിഫലം പലതവണ കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.