വീര വനിതാചരിതം

Wednesday 15 January 2025 10:48 PM IST

435/5

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോറുമായി ഇന്ത്യൻ വനിതകൾ

പുരുഷ ടീമിന്റെ ഉയർന്ന സ്കോറും (418/5) മറികടന്നു

അവസാന ഏകദിനത്തിൽ അയർലാൻഡിനെ 304 റൺസിന് തോൽപ്പിച്ചു, പരമ്പര 3-0ത്തിന് തൂത്തുവാരി

ഇന്ത്യ 435/5, അയർലാൻഡ് 131

സ്മൃതി മാന്ഥനയ്ക്കും (135), പ്രതിക റാവലിനും (154) സെഞ്ച്വറി,ഓപ്പണിംഗിൽ 233 റൺസ് കൂട്ടുകെട്ട്

(70 പന്തിൽ നൂറിലെത്തിയ സ്മൃതിക്ക് അതിവേഗ സെഞ്ച്വറി റെക്കാഡ്

രാജ്കോട്ട് : ഏകദിന ക്രിക്കറ്റിൽ പുരുഷ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിനെയും മറികടന്ന് വനിതകൾ. ഇന്നലെ രാജ്കോട്ടിൽ അയർലാൻഡിന് എതിരായ മൂന്നാം ഏകദിനത്തിൽ 435/5 എന്ന സ്കോർ ഉയർത്തിയ ഇന്ത്യൻ വനിതാ ടീം 304 റൺസിന് മത്സരം വിജയിച്ച് വിജയമാർജിനിലും ചരിത്രമെഴുതി. മറുപടിക്കിറങ്ങിയ അയർലാൻഡ് 31.4 ഓവറിൽ 131 റൺസിന് ആൾഔട്ടായതോടെ മൂന്നുമത്സരപരമ്പര ഇന്ത്യൻ പെൺപട തൂത്തുവാരുകയും ചെയ്തു.

ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓപ്പണർമാരായ പ്രതികാ റാവലിന്റെയും (154) നായിക സ്മൃതി മാൻഥനയുടേയും (135) സെഞ്ച്വറികളുടെയും റിച്ച ഘോഷിന്റെ അർദ്ധസെഞ്ച്വറിയുടേയും(59) മികവിലാണ് 435 റൺസിലെത്തിയത്. ഓപ്പണിംഗിൽ പ്രതികയും സ്മൃതിയും ചേർന്ന് 233 റൺസാണ് 26.4 ഓവറിൽ കൂട്ടിച്ചേർത്തത്. 70 പന്തുകളിൽ സെഞ്ച്വറിയിലെത്തി സ്മൃതി വനിതാ ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ച്വറിയു‌ടെ റെക്കാഡും സ്വന്തമാക്കി. ആകെ 80 പന്തുകൾ നേരിട്ട സ്മൃതി 12 ഫോറുകളും ഏഴ് സിക്സുകളും അടക്കമാണ് 135 റൺസടിച്ചത്. 129 പന്തുകൾ നേരിട്ട പ്രതിക 20 ഫോറുകളും ഒരു സിക്സുമാണ് പായിച്ചത്. രണ്ടാം വിക്കറ്റിൽ റിച്ചയ്ക്കൊപ്പം 104 റൺസിന്റേയും മൂന്നാം വിക്കറ്റിൽ തേജലി(28)നൊപ്പം 50 റൺസിന്റേയും കൂട്ടുകെട്ടും പ്രതിക പടുത്തുയർത്തി. കരിയറിലെ ആറാം ഏകദിനം കളിക്കുന്ന പ്രതികയുടെ ആദ്യ സെഞ്ച്വറിയാണിത്.ഹർലീൻ ഡിയോളിന്റെ(15) വിക്കറ്റും കൂടിയേ ഇന്ത്യയ്ക്ക് നഷ്ടമായുളളൂ. ജെമീമ നാലു റൺസുമായും ദീപ്തി 11 റൺസുമായും പുറത്താകാതെ നിന്നു.

മറുപടിക്കിറങ്ങിയ അയർലാൻഡിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീഴ്ത്തിയ തനുജ കൻവാറിന്റേയും ഓരോ വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നുമണി,സയാലി സത്ഗാരേ, ടൈറ്റസ് സദ്ധു എന്നിവരുടേയും മികവിലാണ് അയർലാൻഡിനെ 131ലൊതുക്കിയത്.

435/5

ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. പുരുഷ ടീം 2011ൽ വിൻഡീസിനെതിരെ നേടിയ 418/5 ന്റെ റെക്കാഡാണ് തകർന്നത്. വനിതാ ടീം ആദ്യമായാണ് 400 കടക്കുന്നത്.

304

ഇന്ത്യൻ വനിതാ ടീമിന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന വിജയമാർജിൻ. 2017ൽ അയർലാൻഡിനെതിരെ തന്നെ നേ‌ടിയിരുന്ന 249 റൺസിന്റെ മാർജിനാണ് മറിക‌ടന്നത്.

70 പന്തുകളിൽ നിന്ന് സെഞ്ച്വറി തികച്ച സ്മൃതി മാന്ഥന 87 പന്തുകളിൽ മൂന്നക്കം കണ്ടിരുന്ന ഹർമൻ പ്രീത് കൗറിന്റെ പേരിലുണ്ടായിരുന്ന ഇന്ത്യൻ അതിവേഗ സെഞ്ച്വറിയുടെ റെക്കാഡ് തിരുത്തി.

233

ഓപ്പണിംഗിൽ സ്മൃതിയും പ്രതികയും ഉയർത്തിയത് ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന കൂട്ടുകെട്ട്.

10

സ്മൃതിയുടെ പത്താം ഏകദിന സെഞ്ച്വറിയാണിന്നലെ പിറന്നത്. പ്രതികയുടെ ആദ്യ സെഞ്ച്വറിയും.

310

റൺസ് പരമ്പരയിലാകെ നേടിയ പ്രതിക പ്ളേയർ ഒഫ് ദ സിരീസും പ്ളേയർ ഒഫ് ദ മാച്ചുമായി.