കാട്ടുതീ കൊണ്ടുപോയ ഗാരി ഹാളിന്റെ 10 ഒളിമ്പിക് മെഡലുകൾക്കും പകരം നൽകും

Wednesday 15 January 2025 10:56 PM IST

കാലിഫോർണിയ : ലോസാഞ്ചലസിലും സമീപ്രദേശങ്ങളിലും ഒരാഴ്ചയായി തുടരുന്ന കാട്ടുതീയിൽ നഷ്ടമായ അമേരിക്കൻ നീന്തൽ താരം ഗാരി ഹാൾ ജൂനിയറിന്റെ 10 ഒളിമ്പിക് മെഡലുകൾക്കും പകരമായി പുതിയ മെഡലുകൾ നൽകുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി തലവൻ തോമസ് ബാക്ക് പ്രഖ്യാപിച്ചു.

ധരിച്ചിരിക്കുന്ന വസ്ത്രവും തലേന്ന് വാങ്ങിയ ടൂത്ത് ബ്രഷും മാത്രമെടുത്ത് വീടുവിട്ട് പോകേണ്ടിവന്ന ഗാരി ഹാളിന്റെ വാർത്ത വൈറലായിരുന്നു. ഒരാഴ്ചയോളമായി പടർന്നുപിടിക്കുന്ന കാട്ടുതീയിൽ രണ്ടു ലക്ഷത്തോളം പേർക്കാണ് കാലിഫോർണിയ സംസ്ഥാനത്ത് നാടും വീടും വിട്ടു മാറേണ്ടി വന്നത്. പ്രമുഖ ചലച്ചിത്ര, കായികതാരങ്ങളെല്ലാം ഇക്കൂട്ടത്തിലുണ്ട്. ലൊസാഞ്ചലസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ പസിഫിക് പലസേഡ്സിലെ വസതിയാണ് അൻപതുകാരനായ ഹാളിനു കൈവിടേണ്ടി വന്നത്.

1996, 2000, 2004 ഒളിമ്പിക്സുകളിൽ മത്സരിച്ച ഹാൾ അഞ്ചു സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് നേടിയിട്ടുള്ളത്.