കാത്തിരിപ്പില്ലാതെ സ്ത്രീകളെ 'കാതോർത്ത്' സുരക്ഷ

Thursday 16 January 2025 12:36 AM IST

കൊല്ലം: സ്ത്രീ സുരക്ഷയ്ക്കായി വനിത ശിശുവികസന വകുപ്പ് നടപ്പാക്കിയ കാതോർത്ത് പദ്ധതി ജില്ലയിൽ വീണ്ടും സജീവമായി. സാങ്കേതിക തടസം മൂലം നിന്നുപോയ പദ്ധതിക്കാണ് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്.

സ്ത്രീകൾക്കെതിരെയുള്ള ശാരീരിക-മാനസിക പീഡനങ്ങൾ സമൂഹത്തിന്റെ മുന്നിലെത്തുന്നത് അവസാന നിമിഷമാണ്. അതുകൊണ്ട് തന്നെ കൗൺസലിംഗ്, നിയമസഹായം, പൊലീസ് സഹായം ഉൾപ്പടെയുള്ള ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

മുമ്പ് പദ്ധതിയിൽ ഉപയോഗിച്ചിരുന്നത് സൂം ആപ്പ് ആയിരുന്നു. എന്നാൽ പദ്ധതിയുടെ രഹസ്യസ്വാഭാവം കണക്കിലെടുത്ത് വി മീറ്റ് എന്ന പുതിയ ആപ്ളിക്കേഷനാണ് നിലവിൽ ഉപയോഗിക്കുന്നത്. കാതോർത്ത് പോർട്ടലിന് പ്രചാരണം ലഭിക്കാഞ്ഞതും പദ്ധതിയെ ബാധിച്ചു. മാസത്തിൽ ജില്ലയിൽ ശരാശരി പത്ത് ആപ്ളിക്കേഷനുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.

ബന്ധപ്പെട്ട കാര്യാലയങ്ങളിൽ പോകാതെ തന്നെ 48 മണിക്കൂറിനുള്ളിൽ പോർട്ടൽ വഴി അപേക്ഷകയ്ക്ക് സേവനങ്ങൾ ലഭ്യമാകും. ഓൺലൈൻ കൺസൾട്ടേഷൻ ആവശ്യമുള്ളവ‌ർക്ക് ലീഗൽ ആൻഡ് സൈക്കോളജിക്കൽ കൗൺസിലേഴ്‌സ്, സൈക്കോളജിസ്റ്റ് എന്നിവരുടെയും പൊലീസ് സഹായം ആവശ്യമുള്ളവർക്ക് വിമൺ സെല്ലിന്റെ സേവനവും പോർട്ടൽ വഴി ലഭ്യമാണ്. ഒന്നിൽ കൂടുതൽ സേവനങ്ങൾ ആവശ്യമുള്ളവർക്ക് അവയും ഒരേസമയം തിരഞ്ഞെടുക്കാം.

പരാതി ഓൺലൈനായി നൽകാം

 ലളിതമായി അപേക്ഷിക്കാം

 യാത്രാക്ളേശവും സമയനഷ്ടവുമില്ല

 വെർച്വൽ പ്ളാറ്റ്ഫോം ഉപയോഗിക്കുന്ന ആർക്കും സേവനം

 48 മണിക്കൂറിനുള്ളിൽ നടപടി

 സൗകര്യമുള്ള സമയവും തിരഞ്ഞെടുക്കാം

പദ്ധതി നിലവിൽ വന്നത്

2021 ഫെബ്രുവരി

വെബ്സൈറ്റ്-kathorthu.wcd.kerala.gov.in

പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ നൽകി സേവനം തിരഞ്ഞെടുക്കാം. സർവീസ് നമ്പർ അപേക്ഷകയുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ/മൊബൈൽ ഫോണിലേക്ക് ലഭിക്കും.

വനിത ശിശുവികസന വകുപ്പ് അധികൃതർ