കമലദളം അവാർഡ് പ്രൊഫസർ ഡോ. വെള്ളിമൺ നെൽസണ്

Thursday 16 January 2025 12:47 AM IST

കൊല്ലം: സാഹിത്യ-സാംസ്കാരിക-സാമൂഹ്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2024ലെ കമലദളം അവാർഡിന് പ്രൊഫ. ഡോ. വെള്ളിമൺ നെൽസൺ അർഹനായി. 15000 രൂപയും മെമന്റോയുമാണ് പുരസ്‌കാരം. എൻ.എൻ.ലാലു, റിട്ട. ജഡ്‌ജ് ഡോ. പി.എൻ.വിജയകുമാർ, അശോകൻ വേങ്ങശേരി എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

19ന് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഹിന്ദി വിഭാഗം ലക്‌ചററും റീഡറും വകുപ്പ് മേധാവിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവർത്തനം, ജീവചരിത്രം, പഠനം, നാടകം, കവിത, നോവൽ എന്നീ സാഹിത്യ ശാഖകളിലായി 47 ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഏർപ്പെടുത്തിയ സർവശ്രേഷ്ഠ ഹിന്ദി പ്രചാരക് അവാർഡ് മൂന്നുവട്ടം ലഭിച്ചിട്ടുണ്ട്.