താമ്പരം - തിരു. എക്‌സ്‌പ്രസ് സ്ഥിരമാക്കണമെന്ന് ആവശ്യം

Thursday 16 January 2025 12:53 AM IST

കൊല്ലം: സ്പെഷ്യൽ സർവീസായി ഓടുന്ന താമ്പരം - തിരുവനന്തപുരം നോർത്ത് എ.സി എക്സ്‌പ്രസ് സ്ഥിരം സർവീസാക്കണമെന്ന ആവശ്യം ശക്തമാകുന്നു. യാത്രക്കാർക്ക് പ്രയോജനപ്രദമായ സർവീസ് ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം മാത്രമാണുള്ളത്.

മീറ്റർ ഗേജ് കാലത്ത് ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാത വഴി രണ്ട് ചെന്നൈ സർവീസുകൾ ഉണ്ടായിരുന്നതാണ്. 2018ൽ ബ്രോഡ്ഗേജായതിന് ശേഷം പാതവഴി ചെന്നൈയിൽ നിന്നുള്ള ക്വയിലോൺ മെയിൽ മാത്രമാണ് തിരികെവന്നിട്ടുള്ളത്, രണ്ടാമത്തെ ചെന്നൈ ട്രെയിൻ സർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. താമ്പരം- തിരുവനന്തപുരം എക്സ്‌പ്രസ് കഴിഞ്ഞ 10 മാസമായി സ്പെഷ്യൽ സർവീസായാണ് ഓടുന്നത്. കേരളത്തിൽ നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യാത്രക്കാർക്ക് ചെന്നൈയിലേക്ക് പോകാനും തിരികെ വരാനും ഏറെ പ്രയോജനം ചെയ്യുന്ന സർവീസാണിത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ ഈ ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്. ഇപ്പോൾ യാത്രക്കാരുടെ ആവശ്യാനുസരണം ഓരോ മാസം വീതം റെയിൽവേ ഈ ട്രെയിനിന്റെ സർവീസ് നീട്ടിക്കൊണ്ട് പോവുകയാണ്. കൊച്ചുവേളി, കൊല്ലം, കൊട്ടാരക്കര, പുനലൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ധാരാളം യാത്രക്കാരാണ് ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.