ചവറയിൽ സിറ്റി ഗ്യാസ് പ്ലാന്റിന് ഒരുമാസത്തിനകം കരാർ

Thursday 16 January 2025 1:01 AM IST

ആദ്യഘട്ടത്തിൽ കണക്ഷൻ

50000 വീടുകളിൽ

കൊല്ലം: ചവറയിൽ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ കൂറ്റൻ പ്ലാന്റ് നിർമ്മിക്കാനുള്ള കരാർ ഒരുമാസത്തിനകം ഒപ്പിടും. തൊട്ടുപിന്നാലെ നിർമ്മാണം ആരംഭിച്ച് ഒരു വർഷത്തിനകം വിതരണം ആരംഭിക്കും.

ആദ്യഘട്ടത്തിൽ 50000 വീടുകളിൽ പ്രകൃതിവാതകം എത്തിക്കാനുള്ള പ്ലാന്റാകും നിർമ്മിക്കുക. കണക്ഷൻ 20000 വീടുകൾ പിന്നിടുന്നതിന് പിന്നാലെ പ്ലാന്റിന്റെ ശേഷി ഒരുലക്ഷമായി ഉയർത്തും.

സിറ്റി ഗ്യാസിന്റെ പ്ലാന്റ് സ്ഥാപിക്കാൻ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള 126 സെന്റ് ഭൂമി കരാർ കമ്പനിയായ എ.ജി.പിക്ക് നൽകാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ഈ ഭൂമിക്ക് കളക്ടർ 20.80 ലക്ഷം രൂപ പ്രതിവർഷ പാട്ടം നിശ്ചയിച്ചു. എന്നാൽ കെ.എം.എം.എല്ലും എ.ജി.പിയും തമ്മിൽ കരാർ ഒപ്പിടാനുള്ള നടപടികൾ ഇഴയുകയായിരുന്നു.

കൊച്ചിയിൽ നിന്ന് ലോറിയിൽ കൊണ്ടുവരുന്ന ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകം പൈപ്പ് ലൈൻ വഴി കടത്തിവിടാൻ വാതക രൂപത്തിലാക്കാനുള്ള പ്ലാന്റാണ് ചവറയിൽ സ്ഥാപിക്കുന്നത്. കെ.എം.എം.എൽ ഖനനം പൂർത്തിയാക്കിയ 91 സെന്റ് ഭൂമിയിലാണ് സി.എൻ.ജി, വാതക രൂപത്തിലാക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന് പുറമേ ദേശീയപാത ഓരത്തുള്ള 35 സെന്റ് സ്ഥലത്ത് വാഹനങ്ങളിൽ പ്രകൃതി വാതകം നിറയ്ക്കാനുള്ള ഔട്ട്ലെറ്റും സ്ഥാപിക്കുന്നുണ്ട്. ചവറയിൽ നിന്ന് ചവറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, ഭാഗങ്ങളിലേക്കാകും പ്രകൃതി വാതക വിതരണം. പ്ലാന്റ് നിർമ്മാണത്തിനൊപ്പം വിതരണ പൈപ്പ് ലൈനും സ്ഥാപിക്കും. അതുകൊണ്ട് തന്നെ പ്ലാന്റ് പൂർത്തിയാകുന്നതിന് പിന്നാലെ വിതരണവും ആരംഭിക്കും.

കൊല്ലത്തും സ്ഥലം തെരയുന്നു

നീണ്ടകര പാലത്തിന് അടിയിലൂടെ പ്രകൃതിവാതക പൈപ്പ് ലൈൻ ഇടാൻ അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ട് ചവറയിലെ പ്ലാന്റിൽ നിന്ന് കൊല്ലത്തേക്ക് പ്രകൃതി വാതകം കൊണ്ടുവരാനാകില്ല. അതുകൊണ്ട് കൊല്ലം നഗരം, ചാത്തന്നൂർ, ചടയമംഗലം എന്നിവിടങ്ങളിലേക്കുള്ള വിതരണത്തിന് കൊല്ലം അയത്തിൽ റോഡിൽ സ്വകാര്യ ഭൂമി അന്വേഷിക്കുകയാണ്. ചാത്തന്നൂരേക്ക് കൊണ്ടുപോകാൻ ഇത്തിക്കര ആറ് ഡ്രഡ്ജ് ചെയ്ത് പൈപ്പ് സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ

50000 വീടുകൾക്കുള്ള പ്ലാന്റ് പൂർത്തിയായി

16600 വീടുകളിൽ കണക്ഷൻ

തിരുവനന്തപുരത്ത്

50000 വീടുകൾക്കുള്ള പ്ലാന്റ് പൂർത്തിയായി

12000 വീടുകളിൽ കണക്ഷൻ

പ്ലാന്റിന്റെ ശേഷി 1 ലക്ഷമായി ഉയർത്തും
തോന്നയ്ക്കലിൽ 50000 വീടുകൾക്കുള്ള പ്ലാന്റിന്റെ നിർമ്മാണം