വിഗ്രഹങ്ങളിലേതുപോലെ മുഖത്തും ശിരസിലും കളഭം; ഗോപൻ സ്വാമിയുടെ മക്കൾ പറഞ്ഞത് ശരിയോ? കല്ലറ പൊളിച്ചപ്പോൾ കണ്ടത്
നെയ്യാറ്റിൻകര: ഇന്ന് രാവിലെയാണ് ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ച് പൊലീസ് മൃതദേഹം പുറത്തെടുത്തത്. സമാധി പൊളിച്ചപ്പോൾ ഗോപൻ സ്വാമിയുടെ ഭാര്യയും മക്കളും പറഞ്ഞത് ശരിവയ്ക്കുന്ന തരത്തിലുള്ള കാഴ്ചകളായിരുന്നു അധികൃതർ അവിടെ കണ്ടത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അച്ഛന്റെ ഹൃദയഭാഗം വരെ കർപ്പൂരവും ഭസ്മവുമടക്കമുള്ള സുഗന്ധദ്രവ്യങ്ങളും, മുഖത്തും ശിരസിലും വിഗ്രങ്ങളിലേതുപോലെ കളഭവും ചാർത്തിയിരുന്നെന്നായിരുന്നു ഗോപൻ സ്വാമിയുടെ മക്കൾ പൊലീസിനോട് പറഞ്ഞിരുന്നത്. കണ്ടെത്തിയ മൃതദേഹത്തിന് ചുറ്റും സുഗന്ധദ്രവ്യങ്ങൾ നിറച്ചിരുന്നു. ഇതൊക്കെ മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.
കല്ലറ പൊളിച്ച് പരിശോധന നടത്തുമ്പോൾ ഗോപൻ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും വീടിനകത്തിരിക്കുകയായിരുന്നു. കനത്ത പൊലീസ് അകമ്പടിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റെടുക്കുമെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർ ഡി ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും ആരാണ് മരണം സ്ഥിരീകരിച്ചതെന്നും കോടതി വീട്ടുകാരോട് ചോദിച്ചു. തുടർന്ന് ഹർജി തള്ളുകയും ചെയ്‌തിരുന്നു.
സ്വാഭാവിക മരണമാണോ,അസ്വാഭാവിക മരണമാണോ എന്നറിയാൻ കോടതി തിരുവനന്തപുരം ജില്ലാ കളക്ടറോടും ആർ ഡി ഒയോടും വിശദീകരണം തേടി. ഇതോടെയാണ് ഗോപൻ സ്വാമിയെ പുറത്തെടുക്കേണ്ടതും പോസ്റ്റുമോർട്ടം നടത്തേണ്ടതും അനിവാര്യമായത്.