ബസ് ടിക്കറ്റ് നിരക്കിൽ വിമാനയാത്ര: എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ, കോളടിക്കുന്നത് പ്രവാസികൾക്ക്

Thursday 16 January 2025 10:26 AM IST

കൊച്ചി: കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന സർവീസായ എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. കൊച്ചിയായിരിക്കും എയർ കേരളയുടെ പ്രവർത്തന കേന്ദ്രവും. ദക്ഷിണേന്ത്യയിലും മദ്ധ്യ ഇന്ത്യയിലും ഉടനീളമുള്ള ആഭ്യന്തര റൂട്ടുകളെ ബന്ധിപ്പിക്കുന്ന അൾട്രാ ലോ കോസ്റ്റ് കാരിയർ വിമാനങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതർ പറയുന്നു. സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്.

ഒന്നാം ഘട്ടത്തിൽ 76 ഇക്കണോമി സീറ്റുകളുള്ള അഞ്ച് വിമാനങ്ങളാവും സർവീസിനുണ്ടാവുക. ഇതിൽ ക്യാബിൻ ക്രൂ അടക്കമുള്ള അമ്പതുശതമാനം ജീവനക്കാർ മലയാളികൾ ആയിരിക്കും എന്ന പ്രത്യേകത കൂടിയുണ്ടാവും. സെക്കൻഡ് എസി ട്രെയിൻ ടിക്കറ്റിന്റെയും, വോൾവോ ബസ് ടിക്കറ്റിന്റെയും നിരക്കുകളെക്കാൾ അല്പം കൂടിയതായിരിക്കും എയർ കേരളയുടെ ബഡ്ജറ്റ് സർവീസിന്റെ ടിക്കറ്റ് നിരക്ക്. അതിനാൽ പ്രവാസികൾക്കും ആഭ്യന്തര യാത്രക്കാർക്കും ഏറെ പ്രയോജനം ഉണ്ടാവുമെന്നാണ് കരുതുന്നത്. സാധാരണക്കാരെ വിമാന യാത്ര പരിചപ്പെടുത്തുകയും എല്ലാവർക്കും വിമാനയാത്ര സാദ്ധ്യമാക്കുകയുമാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നാണ് എയർ കേരള സിഇഒ ഹരീഷ് കുട്ടി പറയുന്നത്.

ആദ്യഘട്ടത്തിനുശേഷം കേരളത്തിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള ഗൾഫ് രാജ്യങ്ങളിലേക്കുൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സർവീസുകളും ആരംഭിക്കുമെന്നും ഹരീഷ് കുട്ടി പറഞ്ഞു. കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യം ഒരുക്കിയാൽ വിനോദസഞ്ചാര രംഗത്ത് പുതിയ ചുവടുവയ്പ്പുകളുണ്ടാക്കുമെന്നാണ് എയർ കേരളയുമായി ബന്ധപ്പെട്ട് അധികൃതരുടെ കണക്കുകൂട്ടൽ.