ഇപി ജയരാജന്റെ ആത്മകഥാ വിവാദം; ഡിസി ബുക്‌സ് മുൻ പബ്ലിക്കേഷൻ മേധാവി അറസ്റ്റിൽ

Thursday 16 January 2025 12:05 PM IST

കോട്ടയം: മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥാ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ ഡിസി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മേധാവി എവി ശ്രീകുമാർ അറസ്റ്റില്‍. കോട്ടയം ഈസ്റ്റ്‌ പൊലീസാണ് ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

'കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിത'മെന്ന പേരില്‍ ആത്മകഥാ ഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ പിഡിഎഫ് ഫയൽ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിസി ബുക്സിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഡിസി ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ് ഫയല്‍ ചെയ്തത്.

സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് എവി ശ്രീകുമാറിനെ ഡിസി ബുക്‌സ് നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.